അൽമുന സ്കൂളിൽ സി.ബി.എസ്.ഇ പരീക്ഷ കേന്ദ്രം അനുവദിച്ചു
text_fieldsദമ്മാം: അൽമുന ഇന്റർനാഷനൽ സ്കൂൾ ഈ വർഷം മുതൽ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തു. നിലവിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ മാത്രമാണ് പൊതുപരീക്ഷ കേന്ദ്രം ഉള്ളത്.
ദമ്മാമിലെ നാല് സി.ബി.എസ്.ഇ സ്കൂൾ വിദ്യാർഥികളും ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു ഇതുവരെ പരീക്ഷ എഴുതിയിരുന്നത്. ദമ്മാമിലെ രണ്ടാമത്തെ പരീക്ഷകേന്ദ്രമായാണ് ഇപ്പോൾ അൽമുന സ്കൂൾ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്കൂളിന്റെ ബിൽഡിങ് മറ്റു ഭൗതികസൗകര്യങ്ങളും മുൻവർഷങ്ങളിലെ മികച്ച പ്രകടനങ്ങളും പരിഗണിച്ചാണ് പരീക്ഷാകേന്ദ്രം അനുവദിച്ചത്. പ്രവിശ്യയിലെ മറ്റു സ്വകാര്യസ്കൂളുകളായ അൽഖൊസാമാ ഇന്റർനാഷനൽ സ്കൂൾ, ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ 10ാം ക്ലാസ് വിദ്യാർഥികളും അൽമുന സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ 52 പെൺകുട്ടികളും 63 ആൺകുട്ടികളുമാണ് ആദ്യ വർഷം പരീക്ഷ എഴുതുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സെന്ററുകളിലായാണ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കാനുള്ള സ്ട്രോങ് റൂം ഉൾപ്പെടെ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തിപ്പ് പൂർത്തീകരിക്കുന്നതിനായി എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായി അൽമുന സ്കൂൾ മാനേജർ ടി.പി. മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

