ഇന്ത്യൻ തീർഥാടകർ മുഴുവൻ മക്കയിലെത്തി
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ കഴിഞ്ഞ ദിവസത്തെ ജുമുഅയിൽ പങ്കെടുത്ത
ഈ വർഷത്തെ ഹജ്ജ് തീർഥാടകർ
മക്ക: ഹജ്ജ് കർമങ്ങൾ ആരംഭിക്കാൻ മൂന്ന് ദിനം ബാക്കിനിൽക്കെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തി. ശനിയാഴ്ച ശ്രീനഗറിൽനിന്നായിരുന്നു അവസാന വിമാനം. ഇന്ത്യൻ കമ്മിറ്റിക്ക് കിഴിൽ 122,518 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാർകേഷൻ പോയിൻറുകളിൽനിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാർ സൗദിയിലെത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീർഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തിൽനിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കൊച്ചിയിൽ നിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ ഹാജിമാരും നേരത്തെ മക്കയിൽ എത്തിയിരുന്നു. കൊച്ചിയിൽനിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അർധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തിലെത്തി.അവസാന വിമാനത്തിൽ 289 തീർഥാടകരാണ് ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ മക്കയിലെ താമസകേന്ദ്രത്തിൽ എത്തിച്ചു. അവസാനം എത്തിയ ഹാജിമാർക്ക് മക്കയിലെ സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻറുകളിൽ നിന്നായി 16,341 ഹാജിമാരാണ് മക്കയിലെത്തിയത്.
ഇതിൽ ലക്ഷദ്വീപിൽനിന്നുള്ള 112 തീർഥാടകരും ഉൾപ്പെടും. തമിഴ്നാട്, മാഹി, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഏതാനും ഹാജിമാരും സംസ്ഥാന ഹാജിമാരോടൊപ്പം യാത്ര ചെയ്തു. ഇന്ത്യൻ തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസ് ശനിയാഴ്ച വൈകിട്ടോടെ നിർത്തിവെച്ചു. റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ സൗദി ട്രാഫിക് വിഭാഗത്തിന്റെ നിർദേശാനുസരണമാണ് നടപടി. ഹജ്ജിന് ശേഷം ദുൽഹജ്ജ് 15 വൈകീട്ടോടെ ബസ് സർവീസ് പുനരാരംഭിക്കും.
വരുംദിനങ്ങളിൽ ഹാജിമാർ അടുത്തുള്ള പള്ളികളിലെ നമസ്കാരവും പ്രാർഥനയുമായി താമസകേന്ദ്രങ്ങളിൽ കഴിയും, ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നതുവരെ. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാൻ ബാക്കിയുള്ളത്. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കം. ചൊവ്വാഴ്ച രാത്രി മുതൽ ഹാജിമാർ മിനയിലേക്ക് തിരിക്കും. കേരളത്തിൽനിന്നുള്ള ഹാജിമാർ ഹജ്ജിനുള്ള ഒരുക്കങ്ങൾ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

