ഹജ്ജ് തയാറെടുപ്പുകളെല്ലാം പൂർത്തിയായി തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി മതകാര്യ മന്ത്രാലയം
text_fieldsമതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ
അസീസ് ആലുശൈഖ് ഹജ്ജ് തയാറെടുപ്പുകൾ പരിശോധിക്കുന്നു
മക്ക: ഹജ്ജിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങളും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് അറിയിച്ചു.
തീർഥാടകർക്ക് തങ്ങളുടെ ആരാധനാ കർമങ്ങൾ സമാധാനപരമായും എളുപ്പത്തിലും നിർവഹിക്കാനാവശ്യമായ എല്ലാ പദ്ധതികളും മന്ത്രാലയം വിജയകരമായി നടപ്പാക്കി കഴിഞ്ഞു. ഇതിനായി മന്ത്രാലയത്തിെൻറ എല്ലാ മാനുഷികവും സാങ്കേതികവുമായ വിഭവശേഷി പൂർണതോതിൽ പ്രയോജനപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.തീർഥാടകരുടെ ക്ഷേമത്തിന് സൗദി ഭരണകൂടം നൽകുന്ന സവിശേഷ പ്രാധാന്യത്തിെൻറ പ്രതിഫലനമാണ് ഈ സേവനങ്ങളെന്നും, കൃത്യമായ ആസൂത്രണത്തിലൂടെ പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചതിൽ ദൈവത്തോടും ഭരണകൂടത്തോടും നന്ദി പറയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഹജ്ജ് സീസണിെൻറ ഭാഗമായി പുണ്യസ്ഥലങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിവിധ പദ്ധതികളുടെയും സേവനങ്ങളുടെയും സന്നദ്ധത മന്ത്രി നേരിട്ട് വിലയിരുത്തി. പുണ്യസ്ഥലങ്ങളിലെ പള്ളികൾ, അവയുടെ മുറ്റങ്ങൾ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികൾ, ശുചീകരണം, എയർ കണ്ടീഷനിങ്, ശബ്ദ-പ്രകാശ സംവിധാനങ്ങൾ, തടസ്സമില്ലാത്ത ജലവിതരണം എന്നിവ അദ്ദേഹം പരിശോധിച്ചു.
തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മക്ക, മദീന എന്നിവിടങ്ങളിലും തീർഥാടകർ യാത്ര ചെയ്യുന്ന പ്രധാന പാതകളിലുമായി ഇരുപതിനായിരത്തിലധികം പള്ളികളാണ് ഹജ്ജ് സീസണായി സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ ഇരുഹറമുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനായി ഹറം പള്ളികൾക്ക് സമീപത്തുള്ള നിരവധി പള്ളികളിലും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക കൂളിങ് സംവിധാനങ്ങൾ, കുടകൾ, എയർ കണ്ടീഷനിങ് എന്നിവയും പള്ളികളിലും പരിസരങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ നടപടികൾ കർശനമാക്കുന്നതിനൊപ്പം തീർഥാടകർക്ക് ശാന്തമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാനുള്ള എല്ലാ സാഹചര്യങ്ങളും മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

