അല്‍ഖര്‍ജ് കെ.എം.സി.സി 'മോട്ടിവ്-22' ഉദ്ഘാടനം നാളെ
text_fieldsഅല്‍ഖര്‍ജ് കെ.എം.സി.സി ഭാരവാഹികൾ ‘മോട്ടിവ്-22’ കാമ്പയിനെക്കുറിച്ച് വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: അല്‍ഖര്‍ജില്‍ മൂന്നു മാസത്തിനിടെ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിസ്സാര പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍പോലും കഴിയാതെയാണ് ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നത്. സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞവരാണ് ആത്മഹത്യ ചെയ്തവര്‍. അതുകൊണ്ടുതന്നെ സാമൂഹികവും മാനസികവും ശാരീരികവുമായ ആരോഗ്യം നേടുന്നതിന് 'മോട്ടിവ്-22' എന്ന പേരില്‍ ത്രൈമാസ കാമ്പയിന് തയാറാക്കിയതായി ഭാരവാഹികള്‍ വ്യക്തമാക്കി. വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
കാമ്പയിന്റെ ഭാഗമായി ലീഡേഴ്സ് മീറ്റ് വ്യാഴാഴ്ച നടക്കും. നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മുജീബ് ഉപ്പട, എസ്.വി. അര്‍ശുല്‍ അഹമ്മദ് എന്നിവര്‍ സംസാരിക്കും. സെപ്റ്റംബര്‍ ഒന്നിന് ഫൈസലിയ ഏരിയ കമ്മിറ്റി 'ഖമര്ലൈല്' എന്ന പേരില്‍ കലാപരിപാടികള്‍, മോട്ടിവേഷന്‍ ക്ലാസ് എന്നിവ സംഘടിപ്പിക്കും. സെപ്റ്റംബര്‍ എട്ടിന് ഹരീഖ് ഏരിയ കമ്മിറ്റി സ്നേഹസംഗമവും സാംസ്കാരിക സമ്മേളനവും നടത്തും.
സെപ്റ്റംബര്‍ 15ന് ടൗണ്‍ ഏരിയ കമ്മിറ്റി 'സ്നേഹനിലാവ്' പരിപാടിയൊരുക്കും. കുടുംബസംഗമം, പാചകമത്സരം, വനിത വിങ് രൂപവത്കരണം എന്നിവ നടക്കും. സെപ്റ്റംബര്‍ അവസാനം 'സെവന്‍സ് ഫുട്ബാള്‍ ഫിയസ്റ്റ' ടൂര്‍ണമെന്റ് അരങ്ങേറും. വിജയികള്‍ക്ക് മുംതാസ് റസ്റ്റാറന്റ് വിന്നേഴ്സ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും. മോട്ടിവ് കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയ കമ്മിറ്റികള്‍ വേറെയും പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നവംബര്‍ 26ന് സമാപന സമ്മേളനം നടക്കും.
ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കി സൗഹാര്‍ദത്തിന്റെ പാതയൊരുക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി എന്‍.കെ ചേളാരി, സാജിദ് ഉളിയില്‍, ഇഖ്ബാല്‍ അരീക്കാടന്‍, അഷ്റഫ് കല്ലൂര്‍, ഫൗസാദ് ലാക്കല്‍, അബ്ദുല്‍ ഹമീദ് കുളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

