അന്താരാഷ്ട്ര ചാരിറ്റി ദിനത്തിൽ സ്നേഹ കൈനീട്ടവുമായി അലിഫ് സ്കൂൾ വിദ്യാർഥികൾ
text_fieldsറിയാദിലെ അലിഫ് സ്കൂൾ വിദ്യാർഥികൾ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചപ്പോൾ
റിയാദ്: അന്താരാഷ്ട്ര ചാരിറ്റി ദിനത്തോടനുബന്ധിച്ച് റിയാദ് ന്യൂ സനാഇയ്യ മേഖലയിലുള്ള ലേബർ ക്യാമ്പിലെ നിരാലംബരായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി അലിഫ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ. ചാരിറ്റി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ ഒരുമിച്ചുകൂട്ടിയ വിവിധ ഭക്ഷ്യോൽപന്നങ്ങൾ അടങ്ങിയ കിറ്റുകളാണ് തൊഴിൽപരമായ പ്രശ്നങ്ങളും സാമ്പത്തികമായ പിന്നാക്കാവസ്ഥയും കാരണം പ്രയാസമനുഭവിച്ച് ലേബർ ക്യാമ്പിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് കൈമാറിയത്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യക്കാരായി ക്യാമ്പിൽ കഴിയുന്ന നൂറിൽപരം ആളുകൾ സംഗമത്തിന്റെ ഭാഗമായി. നോവനുഭവിക്കുന്ന പ്രവാസി സഹോദരന്മാരോട് സുഖവിവരങ്ങൾ അന്വേഷിച്ചും അവരോടൊപ്പം സമയം ചെലവഴിച്ചും വിദ്യാർഥികൾ സാമൂഹിക സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതിയുടെയും മാതൃക സൃഷ്ടിച്ചു. അലിഫ് സി.ഇ.ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ നേതൃത്വം നൽകി.
ലേബർ ക്യാമ്പിലെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്നും ഈ വർഷത്തെ ചാരിറ്റി ദിനത്തോടനുബന്ധിച്ച് ഇത്തരം സദുദ്യമത്തിന് നേതൃത്വം നൽകുന്ന ആദ്യ സ്കൂൾ അലിഫ് ആയിരിക്കുമെന്നും ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു. അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, വിദ്യാർഥികളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഫാദിൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

