അക്ഷരമുറ്റത്ത് വിസ്മയം തീർത്ത് അലിഫ് സ്കൂൾ; ഗിന്നസ് വേൾഡ് റെക്കോഡിന്റെ നെറുകയിൽ
text_fields‘ഗിന്നസ് വേൾഡ് റെക്കോഡ്’ പ്രതിനിധിയിൽനിന്ന് ഔദ്യോഗിക സർട്ടിഫിക്കറ്റ് റിയാദിലെ അലിഫ് സ്കൂൾ മാനേജ്‌മന്റെ് സ്വീകരിക്കുന്നു
റിയാദ്: നൂറുകണക്കിന് കുട്ടികൾ രചിച്ച പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടപ്പോൾ പിറന്നത് പുതിയൊരു ലോക ചരിത്രം. റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്‌കൂൾ വിദ്യാർഥികളുടെ സർഗാത്മക മികവിന് ഗിന്നസ് വേൾഡ് റെക്കോഡ് അംഗീകാരം. ലോകത്തിലെ ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിങ് ഇവൻറ്’ വിജയകരമായി സംഘടിപ്പിച്ചതിനാണ് സ്കൂൾ ഈ ആഗോള നേട്ടം കൈവരിച്ചത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ, സ്കൂളിലെ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ രചിച്ച 506 പുസ്തകങ്ങളാണ് ഒരേസമയം പ്രകാശനം ചെയ്തത്.
ഗിന്നസ് വേൾഡ് റെക്കോഡ് പ്രതിനിധി ചടങ്ങിൽ റെക്കോഡ് പ്രഖ്യാപനം നടത്തുകയും ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്കൂൾ മാനേജ്‌മന്റെിന് കൈമാറുകയും ചെയ്തു. ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി, ഉറുദു, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളിലായി 506 പുസ്തകങ്ങളാണ് കുട്ടികൾ രചിച്ചത്. കഥ, കവിത, നോവൽ, യാത്രാവിവരണം, ആത്മകഥ, ലേഖനങ്ങൾ, പൊതുവിജ്ഞാനം തുടങ്ങി 10 സാഹിത്യശാഖകളിലുള്ളതാണ് പുസ്തകങ്ങൾ. ‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന ശീർഷകത്തിൽ കഴിഞ്ഞ ഏഴ് മാസമായി നടന്നുവരുന്ന ശാസ്ത്രീയ എഴുത്തു പരിശീലനത്തിന്റെ പരിസമാപ്തിയായിരുന്നു ഈ നേട്ടം.
പ്രമുഖ മാധ്യമ നിരീക്ഷകനും മുൻ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഖാലിദ് അൽ മഈന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രതിഭകളെ വളർത്തിയെടുക്കാനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹിക-സാംസ്കാരിക-ബിസിനസ് മേഖലകളിലെ പ്രമുഖർ ചേർന്ന് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സൗദി ഗസറ്റ് എഡിറ്റർ ഹസൻ ചെറൂപ്പ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
‘വിദ്യാർഥികളുടെ ചിന്തകളുടെ മൂർച്ച കൂട്ടാനും വൈകാരിക ബുദ്ധി വർധിപ്പിക്കാനും വായനയും എഴുത്തും ശീലമാക്കുന്നത് സഹായിക്കുമെന്ന് അലിഫ് ഗ്രൂപ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് പറഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ നടപ്പാക്കുന്ന ‘റീഡ് ആൻഡ് റിജോയ്‌സ്’ പദ്ധതിയെക്കുറിച്ച് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ഇത്തരമൊരു ബൃഹത്തായ പുസ്തക പ്രകാശന പദ്ധതി ആദ്യമായാണ് ഒരു വിദ്യാലയം സംഘടിപ്പിക്കുന്നത്. അലിഫ് ഗ്രൂപ് ഡയറക്ടർമാരായ അബ്ദുൽ നാസർ ഹാജി, മുഹമ്മദ് അഹമ്മദ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

