മുപ്പതാണ്ടിെൻറ അനുഭവസമ്പത്തുമായി അലവിക്കുട്ടി ഒളവട്ടൂർ പ്രവാസത്തോട് വിട പറയുന്നു
text_fieldsഅലവിക്കുട്ടി ഒളവട്ടൂർ
റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അലവിക്കുട്ടി ഒളവട്ടൂർ നാടണയുന്നു. റിയാദിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ അറിയപ്പെട്ട വ്യക്തിത്വത്തിനുടമ കൂടിയായ അലവിക്കുട്ടി ഒളവട്ടൂർ ബിസിനസ് പ്രമുഖനും കൂടിയാണ്. വിവിധ സംഘടനകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഇദ്ദേഹം, പ്രവാസകാലത്തെ നിറഞ്ഞ അനുഭവ സമ്പത്തുമായാണ് വിടവാങ്ങുന്നത്.
1992 ഡിസംബർ ആറിലാണ് പ്രവാസലോകത്തേക്ക് കാലെടുത്തുവെച്ചത്. ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവും എന്ന് മുൻകൂട്ടി മനസ്സിലാക്കി ബോംബെയിൽനിന്നും ഡിസംബർ അഞ്ചിന് യാത്ര ക്രമീകരിക്കുകയായിരുന്നു. അഞ്ചിന് വൈകീട്ട് ബോംബെയിൽനിന്നും ദമ്മാം വഴി റിയാദ് വിമാനത്താവളത്തിൽ എത്തി.
സൗദിയിലെത്തിയ കാലംമുതൽ ഇതുവരെ റാഡോ, ടിസോർട്ട് തുടങ്ങി സ്വിസ് ബ്രാൻഡ് വാച്ചുകളുടെ സൗദി ഡീലറായ അൽഗസാലിയുടെ ഹെഡ് ഓഫിസിൽ ഐ.ടി സെക്ഷനിലാണ് ജോലി ചെയ്തിരുന്നത്. 1997മുതൽ ഐ.ടി മാനേജരായും സേവനമനുഷ്ഠിച്ചുവരുന്നു. ഇതിനിടക്കാണ് സമസ്തയുടെ പ്രവാസി ഘടകമായ ഇസ്ലാമിക് സെൻററുമായുള്ള പ്രവർത്തനരംഗത്ത് സജീവമായിത്തുടങ്ങിയത്. സമസ്തയുടെ മദ്റസക്ക് റിയാദിൽ തുടക്കം കുറിച്ചതും ഇദ്ദേഹത്തിെൻറ ഫ്ലാറ്റിൽ നിന്നാണ്. പിന്നീട് റിയാദിൽ ഇസ്ലാമിക് സെൻററിെൻറ സെക്രേട്ടറിയറ്റ് അംഗം, സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ശേഷം സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) രൂപവത്കരിച്ചത് മുതൽ സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരുന്നു.
അതോടൊപ്പം കെ.എം.സി.സി റിയാദ് കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറ്, കേരളൈറ്റ്സ് ബിസിനസ് ഫോറം (കെ.ബി.എഫ്) ട്രഷറർ, മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലെ നൂർ ഇൻവെസ്റ്റ്മെൻറ് പദ്ധതി ഡയറക്ടർ, ഒളവട്ടൂർ ആലങ്ങാട് മഹല്ല് സമസ്ത ഇസ്ലാമിക് സെൻറർ ജി.സി.സി കമ്മിറ്റി ചെയർമാൻ, ഒളവട്ടൂർ ആലങ്ങാട് റഹീസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ സ്മാരക സമസ്ത ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടർ, തത്സമയം ന്യൂസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു.
റിയാദിൽ കമ്പനി ജോലിയോടൊപ്പം സ്വന്തമായി ബിസിനസും കൂടെ കൊണ്ടുപോകാൻ അലവിക്കുട്ടി ഒളവട്ടൂരിന് കഴിഞ്ഞു. ഇൻറർനാഷനൽ സ്കൂൾ, സൂപ്പർമാർക്കറ്റ്, ഫുഡ്സ്റ്റഫ് വെയർ ഹൗസ്, മൊബൈൽ ഹോൾസെയിൽ, പ്ലാസ്റ്റിക് ഫാക്ടറി, റസ്റ്റാറൻറുകൾ, സൂട്ട് ഹോട്ടൽ തുടങ്ങി സൗദിയിലും കേരളത്തിലുമായി നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഇദ്ദേഹം നടത്തിക്കൊണ്ടുപോകുന്നു.
പരേതരായ ബീരാൻകുട്ടി, ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്തയാളാണ് അലവിക്കുട്ടി. കക്കോവ് മുരിങ്ങാട്ട് കളത്തിങ്ങൽ വെണ്ണാര അലവിഹാജിയുടെ മകൾ ബുഷ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് മുസ്തനീർ (ബയോ ടെക്നോളജി ഒന്നാംവർഷ വിദ്യാർഥി), ഹിബ നസ്റീൻ (മലേഷ്യയിൽ നിന്നും ഫാഷൻ ഡിസൈൻ ആൻഡ് മാർക്കറ്റിങ്ങിൽ പഠനം പൂർത്തിയാക്കി), ഹുദ നസ്റീൻ (എട്ടാം ക്ലാസ് വിദ്യാർഥിനി).
അലവിക്കുട്ടി ഒളവട്ടൂരിന് 'സ്നേഹാദരവ്' എന്നപേരിൽ സമസ്ത ഇസ്ലാമിക് സെൻറർ റിയാദ് കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചു. ജൂൺ രണ്ടിന് ഇദ്ദേഹം സൗദിയിൽ നിന്നും നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

