അൽഅഹ്സ ഒ.ഐ.സി.സി കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം
text_fieldsഅൽഅഹ്സ ഒ.ഐ.സി.സി കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം യൂത്ത് വിങ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു. ജിന്റിമോളുടെ ഈശ്വര പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ നേതാക്കളും പ്രവർത്തകരും കെ. കരുണാകരന്റെയും പി.ടി. തോമസിന്റെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ശാഫി കുദിർ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം ഉദ്ഘാടനം ചെയ്തു.
‘ഓർമകളിലെ ലീഡറും പി.ടിയും’ എന്ന വിഷയത്തിൽ ഒ.ഐ.സി.സി ദമ്മാം പാലക്കാട് ജില്ല കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ അനുസ്മരണ പ്രഭാഷണം നടത്തി. തൊണ്ണൂറുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്ന കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിൽ ഏഴ് പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന ചാണക്യതന്ത്രജ്ഞനായിരുന്നുവെന്ന് ഷമീർ പറഞ്ഞു.
തിരുകൊച്ചി സഭ, മദ്രാസ് നിയമസഭ, കേരള നിയമസഭ, രാജ്യസഭ, ലോക്സഭ എന്നീ സഭകളിൽ അംഗമായിരുന്ന അപൂർവ ബഹുമതിക്കുടമയായ കെ. കരുണാകരൻ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്നുവെന്നും എതിർ രാഷ്ട്രീയക്കാരാൽപോലും ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഏക നേതാവുമായിരുന്നുവെന്നും ഷമീർ പറഞ്ഞു.
പ്രകൃതിക്കും ജനങ്ങൾക്കുമെതിരായി വരുന്ന ഏതൊരു തീരുമാനത്തെയും ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി എതിർക്കുകയും പോരാടുകയും ചെയ്ത അപൂർവം നേതാക്കളിലൊരാളായിരുന്നു ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, അകാലത്തിൽ പൊലിഞ്ഞുപോയ പി.ടി. തോമസ് എന്നും ഷമീർ കൂട്ടിച്ചേർത്തു.
റീഹാന നിസാം, റഫീഖ് സനാഇയ്യ എന്നിവരും സംസാരിച്ചു. ഡോ. ദാവൂദ് എ. കരീം, അഹമ്മദ് കോയ, റഷീദ് വരവൂർ, ലിജു വർഗീസ്, അഫ്സൽ തിരൂർക്കാട്, മൊയ്തു അടാടി, മുരളി സനാഇയ്യ, സെബാസ്റ്റ്യൻ, സജീം കുമ്മിൾ, സലീം ജാഫർ, സവാദ് റയാൻ, നൗഷാദ് കൊല്ലം, അശ്വതി സുകു, മഞ്ജു നൗഷാദ്, നജ്മ അഫ്സൽ, ബിനു സനാഇയ, ഷാജി കുഞ്ചാപ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൺവീനർ നവാസ് കൊല്ലം സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

