അൽ തവിയ ഗോപുരം: ജുബൈലിന്റെ ചരിത്രസാക്ഷി
text_fieldsഅൽ തവിയ ഗോപുരം
ജുബൈൽ: സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സുപ്രധാന സ്മാരകമാണ് ജുബൈലിലെ അൽ തവിയ ഗോപുരം. ജുബൈലിന്റെ പുരാതന ജലസ്രോതസ്സായ അൽ തവിയ കിണറിന്റെ സംരക്ഷണത്തിനായി 1928-ലാണ് ഈ ഗോപുരം നിർമിച്ചത്.
19ാം നൂറ്റാണ്ടിനുമുമ്പ് ജുബൈലിലെ ജനങ്ങളും വഴിയാത്രക്കാരും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പ്രധാന ജലസ്രോതസ്സായിരുന്നു അൽ തവിയ. സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്താണ് ഗോപുരത്തിന്റെ നിർമാണം. ജുബൈലിന്റെ പൗരാണിക നഗരവികസനത്തിന്റെയും ജീവിതരീതിയുടെയും കഥപറയുന്ന സ്മാരകമാണ് ഇന്നത്.
അൽ തവിയ ഗോപുരത്തിന് സമീപത്തെ കിണർ
ഗോപുരത്തിന് ഏകദേശം എട്ട് മീറ്റർ ഉയരമുണ്ട്. ആറര മീറ്റർ വ്യാസമുള്ള അടിത്തറയിൽ രണ്ട് നിലകളായാണ് ഗോപുര നിർമിതി. പൂർണമായും മണ്ണുകൊണ്ടുള്ള നിർമാണം പഴയ അറബ് ശൈലിയുടെ മനോഹരദൃശ്യമാണ്. ഗോപുരത്തിന്റെ ചുവരുകളിൽ കളിമണ്ണിനൊപ്പം വൈക്കോൽ പോലുള്ള വസ്തുക്കളും ചേർത്തിട്ടുണ്ട്. താഴത്തെ നില കിണറിന്റെയൊപ്പമാണ് നിർമിച്ചിട്ടുള്ളത്. അതിൽനിന്ന് മുകളിലേക്ക് കയറാൻ മരം കൊണ്ടുള്ള ഏണിയുണ്ട്.
വിശാലമായ മുകൾനിലക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേൽക്കൂര ഈന്തപ്പനയോല കൊണ്ടാണ്. അൽതവിയ ഗോപുരം സൗദിയുടെ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണിപ്പോൾ. ഈ ചരിത്ര സ്മാരകത്തിന് കേടുപാടുകൾ വരുത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ജുബൈലിലെ പഴയ തലമുറ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറിനോട് ചേർന്ന് നിരവധി വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ചുകളുമുണ്ട്. കിങ് ഫഹദ് റോഡിൽ ടൊയോട്ട സിഗ്നലിന് സമീപം, ഖൊനൈനി ആശുപത്രിക്ക് എതിർവശത്താണ് ഈ ചരിത്ര സ്മാരകം. ‘വിഷൻ 2030’ന്റെ ഭാഗമായി പൈതൃക സംരക്ഷണത്തിനും ടൂറിസത്തിനും ഏറെ പ്രാധാന്യമാണ് സൗദി അറേബ്യ നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

