വേനൽകാല ഉല്ലാസത്തിന് വിരുന്നൊരുക്കി താഇഫിലെ അൽ-ശിഫ
text_fieldsവേനൽകാല ഉല്ലാസത്തിന് സന്ദർശകരെ മാടിവിളിച്ച് ത്വാഇഫിലെ അൽ-ശിഫയുടെ ദൃശ്യങ്ങൾ
ത്വാഇഫ്: വേനൽകാല ഉല്ലാസത്തിന് സന്ദർശകരെ മാടിവിളിച്ച് താഇഫിലെ പ്രകൃതി രമണീയമായ അൽ-ശിഫ പ്രദേശം. സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയിൽ പ്രസിദ്ധമായ ത്വാഇഫിലെ വേനൽകാല റിസോർട്ടുകളിൽ പ്രസിദ്ധമായ ഒരിടം കൂടിയാണ് അൽ-ശിഫ മേഖല. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വേനൽകാല വിനോദസഞ്ചാരത്തിനായി സന്ദർശകർ ധാരാളം ഇവിടെ എത്തുന്നുണ്ട്.
വളരെ മനോഹരമായ പ്രകൃതിയും മിതമായ കാലാവസ്ഥയും വർണാഭമായ കാഴ്ചകളും ആവോളം നുകർന്നാണ് സഞ്ചാരികൾ ഇവിടെനിന്ന് മടങ്ങാറ്. ത്വാഇഫ് നഗരത്തിൽനിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് 30 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ താഴ്വരകളുടെ പ്രദേശം ഏകദേശം പതിനായിരം ചതുരശ്ര കിലോമീറ്റർ വിശാലമാണ്. സമുദ്രനിരപ്പിൽ നിന്ന് 2,240 മീറ്റർ ഉയരത്തിലുള്ള പ്രദേശത്തിെൻറ നയനാനന്ദകരമായ കാഴ്ച ആസ്വദിക്കാൻ വിദേശികളടക്കം വാരാന്ത്യ അവധി ദിനങ്ങളിൽ നല്ല ഒഴുക്കാണ്. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം എത്തുന്ന സന്ദർശകർ വശ്യ മനോഹരമായ കാഴ്ചകൾ പകർത്തിയും സെൽഫിയെടുത്തും അൽ-ശിഫ മേഖലയിൽ സജീവമാകുന്ന കാഴ്ച കാണാം.
വേനൽ കാലത്തും മൂടൽമഞ്ഞിൽ പൊതിഞ്ഞ അതുല്യമായ പ്രകൃതി ചാരുത വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകമാണ്.
രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും സന്ദർശകരെ മാടിവിളിക്കാൻ കാരണമാണ്. വ്യത്യസ്ത സൗകര്യങ്ങളുള്ള റിസോർട്ടുകളും കഫേകളും സന്ദർശകർക്കായി ഇവിടെയുണ്ട്. പച്ചവിരിച്ചുനിൽക്കുന്ന മനോഹരമായ കാഴ്ചയും തോട്ടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന വൈവിധ്യമാർന്ന ഫലങ്ങളും അകലെയായി റോസാപ്പൂന്തോട്ടങ്ങളുമെല്ലാം ഹൃദ്യമായ കാഴ്ചഭംഗിയാണ് പകുത്തുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

