‘അൽ ഖമാരിയുടെ രാത്രി’ നാടോടി കലകൾ സമ്മേളിച്ച മോഹന രാവ്
text_fieldsദമ്മാമിലെ കൾചറൽ ആർട്സ് അസോസിയേഷൻ ഒരുക്കിയ ‘അൽ ഖമാരിയുടെ രാത്രി’ നാടൻകലാ മേളയിൽനിന്ന്
ദമ്മാം: പുതിയ കാലത്തേക്ക് അതിവേഗം ചുവടുവെക്കുമ്പോഴും പാരമ്പര്യ സംസ്കാരങ്ങളെയും കലകളെയും ഒരിക്കലും അണയാത്ത ദീപമായി വരും തലമുറക്കുവേണ്ടി കാത്തുവെക്കുകയാണ് ഒരു കൂട്ടം സൗദി കലാകാരന്മാർ. കടലിൽനിന്ന് മുത്തുപെറുക്കിയും ആടുകളെ വളർത്തിയും മീൻ പിടിച്ചും ജീവിച്ച കാലത്തെ ഇല്ലായ്മകളെ മറക്കാൻ ഉറക്കെ പാടുകയും ആടുകയും ചെയ്ത, തലമുറകൾ കൈമാറിവന്ന തനത് സാംസ്കാരിക കലാരൂപങ്ങളെ അവർ ഈ പുതിയ കാലത്തേക്ക് തിരിച്ചുവിളിക്കുകയാണ്.
‘അൽ ഖമാരിയുടെ രാത്രി’ എന്ന പേരിൽ കൾചറൽ ആൻഡ് ആർട്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം ദമ്മാമിൽ ഒരുക്കിയ നാടോടി കലാമേള ഇത്തരത്തിലൊരു ശ്രമമായിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ പുരാതന നാടോടി കലാരൂപങ്ങൾ പശ്ചാത്തലമാകുന്ന നിരവധി നോവലുകളും കഥകളും രചിക്കുകയും നബി വചനങ്ങളെ രേഖപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനും ഗവേഷകനുമായ ആദിൽ ബിൻ ഇസ്സ അൽ അമിരിയാണ് വേറിട്ടതും മനോഹരവുമായ ഈ രാത്രിയെ ഒരുക്കാൻ നേതൃത്വം നൽകിയത്. പഴയകാല കലാരൂപങ്ങൾക്ക് പിന്നിലുള്ള സാംസ്കാരിക ചരിത്രം പറയുന്നതിനൊപ്പം ഇവയിൽ വൈദഗ്ധ്യമുള്ള പഴയ കലാകാരന്മാരെ കൊണ്ട് വേദിയിൽ പരിപാടികൾ അവതരിപ്പിക്കലുമായിരുന്നു പ്രധാന പരിപാടി.
ദമ്മാമിലെ കൾചറൽ ആർട്സ് അസോസിയേഷൻ ഒരുക്കിയ ‘അൽ ഖമാരിയുടെ രാത്രി’ നാടൻകലാ മേളയിൽനിന്ന്
ഖത്വീഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദ ആർട്ട് ഓഫ് അൽ ഖമാരിയാണ് വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചത്. നാടോടി കലയുടെ പ്രാണേതാക്കൾ, പ്രയോക്താക്കൾ എന്നിവർ ഒരുമിച്ചുകൂടിയ ഒരു രാത്രിയായിരുന്നു അത്. പഴയകാലത്ത് ഇൗ കലകളിലൂടെ ജനപ്രിയത നേടിയവർ, കുടുംബങ്ങൾ, അന്നത്തെ മാധ്യമങ്ങൾ, അന്നത്തെ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയവർ, ആഖ്യാതാക്കൾ എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അൽ അമിരിയുടെ പ്രഭാഷണം.
തൊട്ടടുത്ത അയൽ രാജ്യങ്ങളിൽ പോലും കീർത്തികേട്ടവരായിരുന്നു കിഴക്കൻ പ്രവിശയിലെ ഈ കലാകാരന്മാർ. അന്ന് വൈകുന്നേരങ്ങളിലും പ്രത്യേകിച്ച് വിശേഷാവസരങ്ങളിലും പ്രവിശ്യയിലെ സ്ത്രീകൾ വലത്തോട്ടും ഇടത്തോട്ടും മുന്നോട്ടും പിന്നോട്ടും താളത്തിൽ ചായുന്ന ഒരു തരം നൃത്തത്തെക്കുറിച്ച് അദ്ദേഹം പരിചയപ്പെടുത്തി. ഇത്തരം നൃത്തങ്ങൾ പലരൂപങ്ങളിലായി പലയിടത്തും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു ജനതക്ക് അവരുടെ മാതാപിതാക്കളിൽനിന്നും മുത്തശ്ശിമാരിൽനിന്നും പാരമ്പര്യമായി ലഭിച്ച കലകളും ആചാരങ്ങളും ആണിവ. കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് കടലിൽ മുങ്ങി മുത്തുകൾ തിരയലായിരുന്നു പ്രധാന വരുമാനമാർഗം. കഠിനമായി ജോലി ചെയ്യുമ്പോഴും അവർ പാട്ടുകൾ പാടിയിരുന്നു. ജോലികഴിഞ്ഞ് വിശന്ന് തളർന്ന് വരുേമ്പാഴും ഒന്നിച്ചിരിക്കുമ്പോഴും ക്ഷീണം മറക്കാൻ അവർ പാട്ടുകൾ പാടി. ഇത്തരം കലകൾ സംയോജിപ്പിച്ച് കടലിന്റെ കലകളാക്കി രൂപപ്പെടുത്തി. കൃഷിയിടങ്ങളിലെ നൃത്തങ്ങളും പാട്ടുകളും ഇതുപോലെ വ്യാപകമായിരുന്നു.
അത് കാർഷിക പാട്ടുകളായി കാത്തുവെച്ചു. അൽ അഷൂരി, അൽ ഹസാവി, അൽ ലബൂണി, അൽ ഖമാരി, അൽ സമരിത്താൻ, അൽ ഫജ്രി, ഡാഖ് അൽ ഹോബ് തുടങ്ങിയ പുതിയ കാലം മറന്നു തുടങ്ങിയ വിവിധ നാടോടി കലകളാണ് ‘അൽ ഖമാരിയുടെ രാത്രി’യിൽ അരങ്ങേറിയത്. ഖത്വീഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാദ് ഫോക്ലോർ ട്രൂപ് ഈ കലകളുടെ ഇക്കാലത്തെ കൈകാര്യ കർത്താക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

