അൽ ഖർജ് വേൾഡ് മലയാളി ഫെഡറേഷൻ ‘നമ്മുടെ ഓണം 2025’
text_fieldsറിയാദ്: അൽ ഖർജ് വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ‘നമ്മുടെ ഓണം 2025’ ആഘോഷിച്ചു. നൂറുകണക്കിന് കുടുംബങ്ങളും പ്രവാസികളും പങ്കെടുത്തു. താലപ്പൊലി, ആർപ്പുവിളികൾ എന്നിവയുമായി മാവേലിയെ സ്വീകരിച്ചശേഷം, വിവിധ സംഗീത, നൃത്ത, വാദ്യപ്രകടന, ഹാസ്യ, നാടക പരിപാടികളോടെ അരങ്ങേറി. നെസ്റ്റോ അൽ ഖർജ് ജനറൽ മാനേജർ മുസ്തഫ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ നാഷനൽ സെക്രട്ടറി ഹെൻട്രി തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് ജോയിൻ സെക്രട്ടറി ജെസ്സി തോമസ്, സൗദി നാഷനൽ ആക്ടിങ് പ്രസിഡൻറ് തോമസ് ചിറക്കൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ആൽബിൻ തരകൻ ‘നമ്മുടെ ഓണം’ പരിപാടിയെ കുറിച്ച് സംസാരിച്ചു. സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻറ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിന് വേൾഡ് മലയാളി ഫെഡറേഷൻ ഖർജ് കൗൺസിൽ ട്രഷറർ ജോഷി മാത്യു നേതൃത്വം നൽകി.
വിവേക് ചാക്കോയുടെ നേതൃത്വത്തിൽ ഓണവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. മാവേലി, തിരുവാതിര, ഓണപ്പാട്ട്, വള്ളംകളി, വടംവലി, സിനിമാറ്റിക് ഡാൻസ്, ഗാനാലാപനം തുടങ്ങിയ കലാപ്രകടനങ്ങൾ രതീഷ്, ജെസ്ലറ്റ് എന്നിവരുടെ മേൽനോട്ടത്തിൽ അരങ്ങേറി. കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച സംഗീതാർച്ചന കലാഭവൻ മണിയുടെ കലാജീവിതത്തിന്റെ വൈകാരികമായ ഓർമകളുണർത്തി. അതുല്യ പരിപാടിയുടെ അവതാരകയായി.
ഓണസദ്യ, ചായ പീടിക എന്നിവക്ക് ഹെൻട്രി തോമസ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി. അബ്ദുറഹ്മാൻ, അനൂപ് അനുരുധ് എന്നിവർ നയിച്ച വിവിധ കായിക മത്സരങ്ങളും നടന്നു. കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരം ഏവരിലും ആവേശംപകർന്നു. കമ്മിറ്റി അംഗങ്ങളായ പോൾ, ഷിനോയ് എന്നിവർ പരിപാടിയുടെ പബ്ലിസിറ്റിക്ക് നേതൃത്വം നൽകി. ബിനു, ജോഷി എന്നിവർ പുതിയ അംഗങ്ങളുടെ രജിസ്ട്രേഷൻ ചുമതല വഹിച്ചു. ഹാൾ അലങ്കാരം, അത്തപ്പൂക്കളം എന്നിവക്ക് കോഓഡിനേറ്റർ ശോഭ ഹെൻട്രി മേൽനോട്ടം വഹിച്ചു.മാവേലി തമ്പുരാനായി ബിനു മണങ്ങാടൻ വേഷമിട്ടു. മത്സര വിജയികൾക്കും പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി കനകദാസ് സ്വാഗതവും കൺവീനർ ആൽബിൻ തരകൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

