അൽഖുലൂദിനെ വീഴ്ത്തി അൽഹിലാലിന് 10ാം കിങ്സ് കപ്പ് കിരീടം
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അൽഹിലാൽ താരം സലേം അൽ ദൗസരിക്ക് കിങ്സ് കപ്പ് സമ്മാനിക്കുന്നു
ജിദ്ദ: ആവേശകരമായ പോരാട്ടത്തിനൊടുവിൽ അൽഖുലൂദിനെ പരാജയപ്പെടുത്തി അൽഹിലാൽ കിങ്സ് കപ്പ് കിരീടം ചൂടി. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽഇൻമ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൽഹിലാലിെൻറ വിജയം. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ജർമ്മൻ റഫറി ഡാനിയേൽ സീബർട്ട് ആണ് മത്സരം നിയന്ത്രിച്ചത്.
മത്സരത്തിെൻറ തുടക്കത്തിൽ അൽഖുലൂദാണ് അൽഹിലാലിനെ ഞെട്ടിച്ചത്. കളി തുടങ്ങി നാലാം മിനിറ്റിൽ റാമിറോ ഹെൻറിക്വിലൂടെ അൽഖുലൂദ് ലീഡ് നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ അൽഹിലാൽ ശക്തമായി തിരിച്ചുവന്നു. 42-ാം മിനിറ്റിൽ നാസർ അൽദൗസാരിയിലൂടെ സമനില പിടിച്ച അൽഹിലാൽ, തൊട്ടുപിന്നാലെ തിയോ ഹെർണാണ്ടസിലൂടെ വിജയഗോളും കണ്ടെത്തി. ആദ്യ പകുതിയിലെ ഈ സ്കോർ (2-1) മത്സരാവസാനം വരെ നിലനിർത്താൻ അൽഹിലാലിനായി.
കിങ്സ് കപ്പ് ടൂർണമെൻറിെൻറ 39-ാമത് പതിപ്പിെൻറ കലാശപ്പോരാട്ടം കാണാൻ സ്വദേശികളും വിദേശികളുമടക്കം 55,857 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ഈ വിജയത്തോടെ 10-ാം തവണ കിങ്സ് കപ്പ് സ്വന്തമാക്കിയ അൽഹിലാൽ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബായി മാറി. എട്ട് കിരീടങ്ങളുള്ള അൽഅഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അൽഇത്തിഹാദ് (ആറ്), അൽനസ്ർ (അഞ്ച്), അൽശബാബ് (മൂന്ന്) എന്നിവരാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങളിൽ.
വിജയികളായ അൽഹിലാലിനെ അഭിനന്ദിച്ച സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, മികച്ച പ്രകടനം കാഴ്ചവെച്ച അൽഖുലൂദ് ടീമിനും ആശംസകൾ നേർന്നു. സൗദി ഫുട്ബാളിെൻറ അന്താരാഷ്ട്ര നിലവാരവും പ്രശസ്തിയും വിളിച്ചോതുന്നതായിരുന്നു ഫൈനൽ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

