അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ പാസ് ഔട്ട് സമ്മേളനം സംഘടിപ്പിക്കുന്നു
text_fieldsഅൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ സാരഥികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ സെക്കൻഡ് ബാച്ച് പാസ് ഔട്ട് സമ്മേളനം ജൂൺ ഒമ്പതിന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജിദ്ദ അൽ ഫിത്റ കാര്യദർശിയും മാൽദ്വീപ്സ് ഓണററി കോൺസുലറുമായ എൻജിനീയർ അബ്ദുൽ അസീസ് ഹനഫി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിയോടെ വിദ്യാർഥികളുടെ മത്സരയിനങ്ങൾ അടങ്ങുന്ന കലാപ്രകടനങ്ങൾ അരങ്ങേറും. രാത്രി എട്ടിനായിരിക്കും പ്രധാന പരിപാടികൾ.
കോഴിക്കോട് നല്ലളത്തുള്ള അഞ്ചുമാനുൽ തഅ്ലീം സൊസൈറ്റിക്ക് കീഴിൽ 2019 സെപ്റ്റംബറിലാണ് അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിന്റെ സൗദിയിലെ ആദ്യ ബാച്ച് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചത്. ബിഗെനർ (പ്രീ കെ.ജി,), ലെവൽ ഒന്ന് (എൽ.കെ.ജി), ലെവൽ രണ്ട് (യു.കെ.ജി) എന്നിങ്ങനെ തുടർച്ചയായ മൂന്ന് വർഷത്തെ പാഠ്യപദ്ധതിയാണ് അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം നൽകിയ അധ്യാപികമാർക്ക് കീഴിൽ പഠനം പൂർത്തിയാവുമ്പോൾ കുട്ടികൾക്ക് ഖുർആൻ മുഴുവൻ നിയമം പാലിച്ച് പാരായണം ചെയ്യാൻ സാധിക്കും. ഖുർആനിലെ അവസാന രണ്ടു ഭാഗങ്ങൾ (ജുസ്അ) മനപ്പാഠമാക്കൽ, നിത്യജീവിതത്തിലെ ദിക്റുകളും പ്രാർഥനകളും ആശയമടക്കം ഗ്രഹിക്കൽ, ഇസസ്ലാമിക മര്യാദകൾ ശീലിക്കൽ എന്നിങ്ങനെ നിരവധി മേഖലകൾ ഉൾപ്പെടുത്തിയ പഠനരീതിയാണ് അൽ ഫിത്റയിൽ നടപ്പാക്കിയിട്ടുള്ളത്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും നൽകും. ജിദ്ദയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് സ്കൂളിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടന്നുവരുന്ന ഇബ്നുതൈമിയ മദ്റസയിൽ വെക്കേഷൻ ക്ലാസുകൾ ജൂലൈ 10 മുതൽ ആഗസ്റ്റ് 11വരെ സംഘടിപ്പിക്കും. പ്രഗത്ഭരായ അധ്യാപകരുടെ കീഴിലായിരിക്കും ക്ലാസുകൾ നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ നടത്തിപ്പുകാരുമായ അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി, നൂരിഷ വള്ളിക്കുന്ന്, ഷാഫി ആലപ്പുഴ, നൗഫൽ കരുവാരകുണ്ട്, അമീൻ പരപ്പനങ്ങാടി, നജീബ് കാരാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

