അൽ ബിദ മലനിര: അഗ്നിപർവത ലാവയിൽ വിരിഞ്ഞ പ്രകൃതി വിസ്മയം
text_fieldsജബൽ അൽ-ബിദയിലെ അഗ്നിപർവത ഗർത്തത്തിന്റെ കാഴ്ച
യാംബു: അഗ്നിപർവത ലാവ വിരിയിച്ച പ്രകൃതി വിസ്മയമാണ് അൽ ബിദ മലനിരയുടെ വിസ്മയം. മദീനയുടെ വടക്കുഭാഗത്തെ അഗ്നിപർവത മേഖലയായ ‘ഹരത് ഖൈബർ’ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ജബൽ അൽ-ബിദയിലാണ് അഗ്നിപർവത ഗർത്തം. മറ്റ് അഗ്നിപർവത മേഖലകളിൽനിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന ഈ പ്രദേശത്തേക്ക് ഭൗമശാസ്ത്ര വിദ്യാർഥികളും ശാസ്ത്ര കുതുകികളും ധാരാളമായി എത്തുന്നുണ്ട്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2,000 മീറ്റർ ഉയരത്തിലാണ് 1,350 മീറ്ററിലധികം വ്യാസമുള്ള ഈ വലിയ ഗർത്തം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവത മേഖല കൂടിയാണിവിടം. തെക്കുകിഴക്ക് ഭാഗത്തുനിന്ന് അതിന്റെ വിശാലത ഏകദേശം എട്ട് കിലോമീറ്ററാണ്. ആകർഷകമായ വെളുത്ത നിറവും അഗ്നിപർവത കോമൻഡൈറ്റ് പാറകളാൽ ചുറ്റപ്പെട്ടതുമാണ് പ്രകൃതി വിസ്മയമായ ഈ ഗർത്തം. മരുഭൂമിയിലെ വൈവിധ്യമായ ചെടികളും മരങ്ങളും ധാരാളമായി അതിനുള്ളിൽ വളരുന്നു.
ലോകത്തുതന്നെ ഏറ്റവും അപൂർവമായ അഗ്നിപർവത പ്രദേശമാണ് ജബൽ അൽ ബിദായെന്ന് സൗദി ജിയോളജിസ്റ്റ് കോഓപറേറ്റിവ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് ബിൻ ലബൗൺ പറഞ്ഞു. ജബൽ അൽ-ബിദ, ജബൽ അൽ-അബ്യദ്, ജബൽ അൽ-മൻസഫ് എന്നിങ്ങനെ മൂന്ന് അപൂർവ അഗ്നിപർവതങ്ങൾ ‘ഹരത് ഖൈബർ’ മേഖലയിലുണ്ട്. ഇളം ചാരനിറത്തിലുള്ള അസിഡിറ്റി അഗ്നിപർവത പാറകളും സെല്ലുകളും ആയിരക്കണക്കിന് വർഷംമുമ്പ് പൊട്ടിത്തെറിക്കുകയും അതിന് വെളുത്ത നിറം നൽകുകയും ചെയ്തുവെന്നാണ് നിഗമനം. ലോകമെമ്പാടുമുള്ള ഭൗമ ശാസ്തജ്ഞരുടെയും പര്യവേക്ഷകരുടെയും ഗവേഷകരുടെയും വിനോദസഞ്ചാരികളുടെയും ലക്ഷ്യസ്ഥാനമായി ഈ പ്രദേശം മാറിയിരിക്കുന്നു.
സഹസ്രാബ്ദങ്ങൾക്കിടയിൽ തുടർച്ചയായി പൊട്ടിത്തെറിച്ചാണ് ഹരത് ഖൈബറിലെ ബസാൾട്ടിക് ലാവയുള്ള പ്രദേശങ്ങൾ രൂപ്പെട്ടതെന്ന് ഭൗമശാസ്ത്രജ്ഞർ വിലയിരുത്തുന്നു. 100 കിലോമീറ്ററോളം വടക്ക്, തെക്ക് ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഇവിടത്തെ അഗ്നിപർവത മേഖല. എ.ഡി 600നും 700നും ഇടയിലാണ് പ്രദേശത്ത് അവസാനമായി അഗ്നിപർവത സ്ഫോടനം നടന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ ലാവ (ദ്രവ ശിലകൾ) ഏറ്റവും കൂടുതലുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് 23 ലാവ പ്രദേശങ്ങളാണുള്ളത്. യമനിൽ ഏഴ്, സിറിയയിൽ ആറ്, സുഡാനിൽ അഞ്ച്, ലിബിയയിൽ രണ്ട് എന്നിങ്ങനെ മൊത്തം അറബ് പ്രദേശങ്ങളിൽ ഏകദേശം 21,500 ചതുരശ്ര കിലോമീറ്റർ ലാവ പ്രദേശങ്ങളുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

