അൽ ബാഹ ഗവർണറുടെ കാലാവധി നാലുവർഷത്തേക്ക് നീട്ടി
text_fieldsഅൽ ബാഹ ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ്
റിയാദ്: അൽ ബാഹ ഗവർണർ അമീർ ഹുസാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസിന്റെ കാലാവധി നാല് വർഷത്തേക്ക് നീട്ടി. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് സൽമാൻ രാജാവ് പുറപ്പെടുവിച്ചത്. അമീർ ഹുസാം ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് എട്ട് വർഷമായി അൽ ബാഹ ഗവർണറായി തുടരുന്നു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും സർക്കാരിൽനിന്നുള്ള ഉദാരമായ പിന്തുണയാൽ അധികാരമേറ്റതിനുശേഷം ശ്രദ്ധേയമായ വികസന പുരോഗതിക്കും ഗുണപരമായ നേട്ടങ്ങൾക്കുമാണ് അൽ ബാഹ മേഖല സാക്ഷ്യം വഹിച്ചത്.
എല്ലാ മേഖലകളിലും വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, സാമ്പത്തിക വികസനം എന്നീ മേഖലകളിലെ നിരവധി പദ്ധതികൾക്ക് മേഖല ഇതിനകം സാക്ഷ്യം വഹിച്ചു. 1981ൽ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽനിന്ന് അമീർ ഹുസാം ബിൻ സഊദ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
തുടർന്ന് 1982ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡിപ്ലോമ നേടി. 1985ൽ ലണ്ടൻ യൂനിവേഴ്സിറ്റിയിലെ ബിർക്ക് ബെക്ക് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1995ൽ ഇതേ കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയാണ് അദ്ദേഹം തന്റെ അക്കാദമിക് ജീവിതം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

