അൽ ആലിയ സ്കൂൾ വാർഷികം ആഘോഷിച്ചു
text_fieldsറിയാദിലെ അൽ ആലിയ സ്കൂൾ വാർഷികാഘോഷം സ്കൂൾ
മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹമാദ് അബ്ദുല്ല ഹുമൈദി
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അൽ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വാർഷികാഘോഷവും അവാർഡ് വിതരണവും റിയാദിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സീനിയർ ബോയ്സ് വിഭാഗത്തിൽ 2021-22, 2022-23 അധ്യയന വർഷത്തെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ അഭിമാന വിജയം കാഴ്ച്വെച്ച വിദ്യാർഥികളെ ട്രോഫി നൽകി ആദരിച്ചു. തുടർന്നുള്ള കലാപരിപാടികളിൽ ‘അറബിക് ബ്ലിറ്റ്സ്’ , ‘സോൾജ്യർ ഡാൻസ്’, പഞ്ചാബി ഡാൻസ് എന്നിവ നടന്നു.
രാവിലെ ഒമ്പത് മുതൽ ജൂനിയർ വിഭാഗത്തിലെ കുരുന്നുകൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റേജിൽ ബാർബിഗേളായും ഫെയറിയായും കുട്ടികൾ രൂപവും ഭാവവും മാറി സ്വരരാഗതാളലയങ്ങളുടെ മഴവിൽ ചാരുത വിരിയിച്ചു.
വൈകീട്ട് 5.30 മുതൽ സീനിയർ ഗേൾസ് വിഭാഗത്തിൽ 2021-22, 2022-23 അധ്യയനവർഷത്തെ സി.ബി.എസ്.ഇ പരീക്ഷയിൽ ഏറ്റവും മികച്ച വിജയം നേടിയവർക്ക് ട്രോഫി നൽകി ആദരിച്ചു.
സ്കൂൾതലത്തിലും ഇൻറർസ്കൂൾ ക്ലസ്റ്റർ വിഭാഗത്തിലുമായി കലാകായിക മികവ് പുലർത്തിയവർക്കുള്ള സമ്മാന വിതരണം നടന്നു. സ്കൂളിൽ അധ്യാപികയായി 20 വർഷം പൂർത്തിയാക്കിയ അക്കാദമിക് സൂപ്പർവൈസർ ഉഷാ തോമസിന് സ്കൂൾ മാനേജ്മെന്റ് പ്രത്യേക ആദരവ് നൽകി.
തുടർന്ന് അരങ്ങേറിയ കലാവിരുന്ന് വ്യത്യസ്ത നൃത്തരൂപങ്ങളുടെ സംഗമവേദിയായി. മോഹിനിയാട്ടം, ഭരതനാട്യം, കഥക്, ഒപ്പന, മാർഗംകളി, ഡാൻഡിയ എന്നീ ഭാരതീയ നൃത്തരൂപങ്ങൾ, ഫ്ലമൻകോ എന്ന സ്പാനിഷ് നൃത്തം, ‘പാഞ്ച്തത്വ’ എന്ന തീം ഡാൻസ്, ‘വിമൻ എ ബാലറ്റ് ഓഫ് ഗ്രേസ്’ എന്നിവ അരങ്ങേറി. കുട്ടികളുടെ സ്ലിപ്പിങ് ബ്യൂട്ടി എന്ന നാടകം പ്രേക്ഷക ശ്രദ്ധ നേടി. സ്കൂൾ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹമാദ് അബ്ദുല്ല ഹുമൈദി, ചീഫ് എക്സിക്യൂട്ടിവ് ജോയൽ ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷാനു സി. തോമസ്, പെൺകുട്ടികളുടെ വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് കവിത ലത കതിരേശൻ, അക്കാദമിക് സൂപ്പർവൈസർമാരായ ഉഷ തോമസ്, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

