മലബാറിൽ നിന്നുള്ള ജിദ്ദ പ്രവാസികൾക്ക് പെരുന്നാൾ സമ്മാനം; ആകാശ എയർ ജിദ്ദ - കോഴിക്കോട് സർവീസ് മാർച്ച് 13 മുതൽ
text_fieldsജിദ്ദ: ജിദ്ദയിലെ മലബാറിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി ഇന്ത്യയിലെ അതിവേഗം വളരുന്ന വിമാനക്കമ്പനിയായ ആകാശ എയർ എത്തുന്നു. ഏറെ കാത്തിരുന്ന ജിദ്ദ - കോഴിക്കോട് സെക്ടറിൽ മാർച്ച് 13 മുതൽ ആകാശ എയർ സർവീസ് ആരംഭിക്കും. ഇതോടെ മലബാറിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും യാത്രാക്ലേശമില്ലാതെയും മിതമായ നിരക്കിലും യാത്ര ചെയ്യാൻ അവസരമൊരുങ്ങും. സൗദി സമയം രാവിലെ 9.10-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകീട്ട് 5.30-ന് കോഴിക്കോട് എത്തും. തുടർന്ന് കോഴിക്കോട് നിന്ന് വൈകിട്ട് 6.55-ന് പറക്കുന്ന വിമാനം രാത്രി 10.50 ന് ജിദ്ദയിലെത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളായിരിക്കും സർവീസുകൾക്കായി ഉപയോഗിക്കുക.
വിശുദ്ധ റമദാനിലെ തിരക്കും ചെറിയ പെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുക്കുമ്പോൾ ഈ സർവീസ് പ്രവാസികൾക്ക് വലിയൊരു അനുഗ്രഹമായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും എയർലൈൻ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രതീക് ശർമ്മ, ചീഫ് ഓഫ് ഗവേണൻസ് പ്രിയ മെഹ്‌റ, സൗത്ത് ഇന്ത്യ ജനറൽ മാനേജർ മുരളി മേനോൻ, സുധീഷ് മംഗലശ്ശേരി തുടങ്ങിയവരുടെ പ്രത്യേക താല്പര്യപ്രകാരമാണ് ആകാശ എയർ കോഴിക്കോട് എത്തുന്നത്.
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് പുതുജീവൻ നൽകുന്ന ഈ തീരുമാനം പ്രവാസി സമൂഹത്തിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ കൊച്ചിയിൽ നിന്നു ജിദ്ദയിലേക്ക് ആകാശ എയർ നേരിട്ട് സർവീസുകൾ ആരംഭിച്ചിരുന്നു. അതേസമയം, ഈ വർഷത്തെ ഹജ്ജിന് കരിപ്പൂരിൽ നിന്ന് ആകാശ എയർ ആയിരിക്കും സർവീസ് നടത്തുക എന്ന് റിപ്പോർട്ടുകളുണ്ട്. മെയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങൾ ജിദ്ദയിലേക്കും തിരിച്ചു ജൂൺ 23 മുതൽ 26 വരെ മദീനയിൽ നിന്ന് കരിപ്പൂരിലേക്കുമായിരിക്കും സർവീസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

