വിമാനസർവിസ് വെട്ടിച്ചുരുക്കി: സന്ദർശന വിസയിലെത്തുന്നവർ പ്രതിസന്ധിയിൽ
text_fieldsദമ്മാം: കേരത്തിൽനിന്ന് സൗദിയിലേക്കുള്ള വിമാന സർവിസുകൾ വെട്ടിക്കുറക്കുന്നത് സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങൾക്ക് പ്രതിസന്ധിയാകുന്നു. നാട്ടിൽ വാർഷികാവധി ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് സൗദിയിലേക്ക് വരാൻ കാത്തുനിൽക്കുന്നത്. സീസൺ കാലമായാൽ കുത്തനെ ഉയരുന്ന ടിക്കറ്റ് നിരക്കിൽനിന്ന് രക്ഷനേടാൻ നേരത്തേതന്നെ സൗദിയിലേക്ക് വരാൻ തയാറെടുത്തിരുന്ന കുടുംബങ്ങൾക്കാണ് പുതിയ സാഹചര്യങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡ്-19 കൊറോണ വൈറസ് ഭീതിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്നും സൗദിയിലെ വിവിധ എയർപോർട്ടുകളിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ പരിശോധനകളും കർശന നിബന്ധനകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സൗദിയിലേക്കുള്ള സർവിസുകളിൽ ചില വിമാന കമ്പനികൾ മാറ്റം വരുത്തിയിട്ടുള്ളത്.
കണ്ണൂരിൽ ദമ്മാമിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന ഏക എയർലൈനായ ഗോ എയർ ഇൗ മാസം നാലു മുതൽ 18 വരെയുള്ള സർവിസുകൾ റദ്ദ് ചെയ്തിരിക്കുകയാണ്. കുട്ടികളുമായി യാത്രചെയ്യുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള സർവിസുകൾ ഏറെ സഹായകരമായിരുന്നു. തങ്ങളുടെ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നവർക്ക് ദിവസം മാറ്റി നൽകിയതായി ഗോ എയർ അധികൃതർ പറഞ്ഞു. 18ാം തീയതി മുതൽ സർവിസ് പതിവുപോലെ തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇൻറർനാഷനൽ ഒാപറേഷൻ ജനറൽ മാനേജർ ജലീൽ ഖാലിദ് പറഞ്ഞു. ഉംറ, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് മാത്രമാണ് നിലവിൽ സൗദി അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, സന്ദർശക വിസയിലുള്ളവർക്കും ബോർഡിങ് നൽകാൻ ചില എയർലൈനുകൾ വിസമ്മതിച്ചിരുന്നു. ഗൾഫ് എയർ, എമിറേറ്റ്സ് തുടങ്ങിയ വിമാനങ്ങൾ സന്ദർശന വിസയിലുള്ള കുടുംബങ്ങളെ കൊണ്ടുവന്നതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ പറഞ്ഞു. പുതുതായി എത്തുന്നവരെ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് അയക്കുന്നത്. ഏതെങ്കിലും സൂചന ലഭിക്കുന്നവരെ സൗദി അധികൃതർ മടക്കി അയക്കുന്നുണ്ട്. ഇവരെ തിരികെ െകാണ്ടുപോകേണ്ട ബാധ്യതയും എയർലൈനുകൾക്കാണ്. ഏതാണ്ട് മിക്ക വിമാനകമ്പനികളും മാർച്ച് 13 വരെയുള്ള ഷെഡ്യൂളുകളിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
