Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ...

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള: പ്രവാസികൾ ദുരിതത്തിൽ

text_fields
bookmark_border
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള: പ്രവാസികൾ ദുരിതത്തിൽ
cancel

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം മുതലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് കൊള്ളയിൽ പ്രവാസികൾ കടുത്ത ദുരിതത്തിലാവുന്നു. കുറഞ്ഞ നിരക്കിൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുകയും, അതേ വിമാനങ്ങൾ തന്നെ ചാർട്ടേഡ് സർവിസുകളാക്കി മാറ്റി അമിത നിരക്കിൽ ടിക്കറ്റ് വിൽക്കുകയും ചെയ്യുന്ന ‘കള്ളക്കച്ചവടമാണ്’ കമ്പനികൾ നടത്തുന്നതെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.

നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനം റദ്ദാക്കിയെന്ന സന്ദേശം ആദ്യം നൽകും. തുടർന്ന് തുക മടക്കി വാങ്ങാനോ (റീഫണ്ട്​) മറ്റൊരു തീയതിയിലേക്ക് മാറ്റാനോ നിർദേശിക്കും. എന്നാൽ മറ്റൊരു തീയതി തിരഞ്ഞെടുക്കാൻ നോക്കുമ്പോൾ അടുത്ത ദിവസങ്ങളിലൊന്നും സീറ്റുകൾ ലഭ്യമാകാത്ത വിധം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ് കമ്പനികൾ ചെയ്യുന്നത്.

ഏകദേശം 20,000 രൂപയിൽ താഴെ നിരക്കിൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇപ്പോൾ 85,000 രൂപക്ക് മുകളിലാണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, നാലംഗ കുടുംബത്തിന് നേരത്തെ എടുത്ത ടിക്കറ്റ് റീഫണ്ട് ചെയ്താൽ ലഭിക്കുന്നത് 80,000 രൂപ മാത്രമാണ്. എന്നാൽ അതേ വിമാനത്തിൽ യാത്ര തുടരണമെങ്കിൽ പുതിയ നിരക്കുപ്രകാരം രണ്ടര ലക്ഷം രൂപയോളം അധികം നൽകേണ്ടി വരുന്നു. റദ്ദാക്കിയെന്ന് അറിയിക്കുന്ന വിമാനങ്ങൾ തന്നെ ചാർട്ടേഡ് വിമാനങ്ങളായി സർവിസ് നടത്തി സാഹചര്യം മുതലെടുക്കുകയാണ് ഇവർ ചെയ്യുന്നത്. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിലേക്കുള്ള വിദേശ വിമാനക്കമ്പനികളുടെ നിരക്കും കുത്തനെ വർധിച്ചു.

പ്രവാസികൾ നിയമക്കുരുക്കിലേക്ക്

വിമാനക്കമ്പനികളുടെ ഈ നടപടി പ്രവാസികളെ വലിയ നിയമപ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സന്ദർശക വിസയിലെത്തിയവർ, ജോലി നഷ്​ടപ്പെട്ട് മടങ്ങുന്നവർ, കരാർ കാലാവധി പൂർത്തിയാക്കി എക്സിറ്റ് വിസയിൽ നിൽക്കുന്നവർ, ഉംറ വിസയിലെത്തിയവർ എന്നിവർ നിശ്ചിത സമയത്തിനകം മടങ്ങാൻ കഴിയാതെ നിയമലംഘകരായി മാറുകയാണ്.

താമസരേഖയുടെ (ഇഖാമ) കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരേണ്ടി വരുന്നത് ജയിൽവാസത്തിനും വൻതുക പിഴയ്ക്കും കാരണമാകും. കൂടാതെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ പുറത്താക്കപ്പെട്ടാൽ വീണ്ടും പ്രവേശിക്കാൻ കഴിയാത്തവിധം കരിമ്പട്ടികയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.

നിലവിൽ ഒരു ജിസിസി രാജ്യത്തും വ്യോമപാത പൂർണമായി അടക്കുകയോ വിമാനയാത്രയ്ക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രതികൂല സാഹചര്യങ്ങളുള്ള രാജ്യങ്ങൾ തൊട്ടടുത്തുള്ള രാജ്യങ്ങളിൽനിന്ന്​ സ്വന്തം വിമാനങ്ങൾ ഓപറേറ്റ്​ ചെയ്യുന്നതിനുള്ള നടപടികൾ പോലും സ്വീകരിച്ചിരിക്കുകയാണ്​. ഈ സാഹചര്യത്തിലും സിവിൽ ഏവിയേഷൻ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കമ്പനികളുടെ കരിഞ്ചന്ത കച്ചവടം.

കേന്ദ്ര-സംസ്ഥാന സർക്കാറുകളും നോർക്ക ഉൾപ്പെടെയുള്ള ഏജൻസികളും പ്രവാസികളുടെ ഈ ഗുരുതര സാഹചര്യം അറിഞ്ഞിട്ടും പുലർത്തുന്ന മൗനം കടുത്ത അവഗണനയാണെന്ന് പ്രവാസി സംഘടനകളും നേതാക്കളും കുറ്റപ്പെടുത്തി. വിദേശത്ത് ദുരിതത്തിലാകുന്ന പൗരന്മാരെ സഹായിക്കുന്നതിന് പകരം അവരെ കൂടുതൽ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികൾക്കെതിരെ അടിയന്തിര സർക്കാർ ഇടപെടൽ വേണമെന്നാണ് പ്രവാസ ലോകത്തി​ന്റെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudsIndian AirlinesAirline TicketsamountCivil Aviation Authority
News Summary - Airline ticket theft: Expatriates in distress amid West Asian crisis
Next Story