വിമാന സർവിസിന്റെ കൃത്യനിഷ്ഠ: ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ്
text_fieldsജിദ്ദ: കൃത്യനിഷ്ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ് (സൗദിയ). അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ‘സിറിയം’ പ്ലാറ്റ്ഫോമിന്റെ ഇക്കഴിഞ്ഞ മാർച്ച് മാസത്തെ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘സൗദിയ’ നടത്തിയ 16,000-ലധികം വിമാനസർവിസുകളുടെ ഓൺ-ടൈം അറൈവൽ നിരക്കിൽ 94.07 ശതമാനവും പുറപ്പെടൽ നിരക്കിൽ 94 ശതമാനവും കൃത്യത പാലിച്ചാണ് ഒന്നാം റാങ്ക് നിലനിർത്തിയത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലും സൗദി എയർലൈൻസ് ഒന്നാമതായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് നേട്ടം കൈവരിക്കുന്നത്.
സമയക്രമം പാലിക്കുന്നതിൽ മറ്റു വിമാനകമ്പനികളെല്ലാം സൗദിയക്ക് പിറകിലാണ്. യാത്രക്കാരുടെ സംതൃപ്തി വർധിപ്പിക്കുന്നതിലും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും സമയനിഷ്ഠയുടെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണിത്. പ്രവർത്തനക്ഷമത നിലനിർത്തുക എന്നതാണ് പുതിയ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സൗദി ഗ്രൂപ് ജനറൽ മാനേജർ എൻജി. ഇബ്രാഹിം അൽ ഉമർ പറഞ്ഞു. ഗ്രൂപ്പിലെ കമ്പനികൾ തമ്മിലുള്ള സംയോജനത്തിന്റെ ഫലമാണ് വിമാന ഷെഡ്യൂളുകളുടെ കൃത്യനിഷ്ഠതയെന്ന് അദ്ദേഹം വിശദീകരിച്ചു.
‘വിഷൻ 2030’ അനുസരിച്ച് രാജ്യത്ത് വ്യോമയാന മേഖലയുടെ അഭൂതപൂർവമായ വികസനത്തിന്റെ വെളിച്ചത്തിൽ യോഗ്യതയുള്ള മാനവ വിഭവശേഷിയുടെയും നൂതന ഡിജിറ്റൽ സംവിധാനങ്ങളുടെയും പിന്തുണയോടെ യോജിച്ച് പ്രവർത്തിക്കുന്നു. പ്രതിദിനം 540 വിമാന സർവിസുകളാണ് ‘സൗദിയ’ നടത്തുന്നത്. റമദാനിലെ ഏറ്റവും ഉയർന്ന ഉംറ സീസണിൽ സൗദി എയർലൈൻസ് വിമാന ഷെഡ്യൂളുകളിൽ കൃത്യമായ സമയക്രമം കൈവരിച്ചു. ഉയർന്ന ഫ്ലൈറ്റ് ഓപ്പറേഷനുകളും കാലാവസ്ഥയും പ്രവർത്തന സാഹചര്യങ്ങളും പോലുള്ള സാധാരണ വ്യോമയാന വെല്ലുവിളികളെ അതിജീവിച്ചാണിത്. സൗദി എയർലൈൻസ് വരും വർഷങ്ങളിൽ നിലവിലെ 147 വിമാനങ്ങളോടൊപ്പം 118 പുതിയ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി വിമാനങ്ങളുടെ എണ്ണം വിപുലീകരിക്കാൻ ശ്രമിക്കുന്നുവെന്നും അൽഉമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

