‘റിയാദ് എയറിന്’ എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ്
text_fieldsഎയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് റിയാദ് എയർ അധികൃതർക്ക് കൈമാറുന്നു
റിയാദ്: സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ ആരംഭിക്കുന്ന ദേശീയ എയർലൈൻ കമ്പനിയായ ‘റിയാദ് എയറിന്’ എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ചു. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിനായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. സിവിൽ ഏവിയേഷൻ നിയമത്തിന് അനുസൃതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടപടി.
ഈ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ആദ്യ പരീക്ഷണ പറക്കൽ ഡിസംബർ 11നാണ് ആരംഭിച്ചത്. 2030-ഓടെ സൗദി വ്യോമയാന മേഖലയെ മിഡിൽ ഈസ്റ്റിലെ ഒന്നാമതായി മാറ്റാനും മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കാനും ലക്ഷ്യമിടുന്നുവെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ ലക്ഷ്യങ്ങൾ പ്രാപ്തമാക്കുന്നതിനും റിയാദ് നഗരത്തെ ഒരു ആഗോള കവാടവും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ഒരു പ്രധാന കേന്ദ്രവും കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാക്കുന്നതും ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും അൽജാസിർ പറഞ്ഞു.
റിയാദ് എയറിന് എയർ ഓപറേറ്റർ ലൈസൻസ് നൽകുന്നത് രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖല സാക്ഷ്യപ്പെടുത്തുന്ന ത്വരിതഗതിയിലുള്ള വേഗതയുടെ പ്രതിഫലനമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തലവൻ അബ്ദുൽ അസീസ് അൽദുവൈലെജ് പറഞ്ഞു. 2024-ൽ ശ്രദ്ധേയമായ വളർച്ച സൂചകങ്ങൾ രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 128 ദശലക്ഷത്തിലധികമായി വർധിച്ചു.
എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചത് പ്രവർത്തനാരംഭച്ചതിന്റെ പ്രധാന ഘട്ടങ്ങളിലൊന്ന് പൂർത്തിയാക്കിയെന്നും ഇത് കമ്പനിയിലെ നിരവധി ജീവനക്കാരുടെ പരിശ്രമത്തിന്റെ ഫലമാണെന്നും റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. 2030ഓടെ നൂറിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ‘റിയാദ് എയർ’ സർവിസ് ആരംഭിക്കും. 132ലധികം വിമാനങ്ങൾ വാങ്ങാനുള്ള ഓർഡറുകൾ സമർപ്പിച്ചു.
വ്യോമയാന മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് വഴിയൊരുക്കും. രാജ്യത്തിന്റെ എണ്ണയിതര ജി.ഡി.പിയിലേക്ക് 75 ശതകോടി സൗദി റിയാൽ പ്രതീക്ഷിക്കുന്നതിന് പുറമെയാണിതെന്നും ടോണി ഡഗ്ലസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

