എയർ ഇന്ത്യയുടെ ഇന്ധന സർചാർജ് തീരുമാനം പിൻവലിക്കണം
text_fieldsയു.എം. ഹുസൈൻ മലപ്പുറം സെക്രട്ടറി
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല
കമ്മിറ്റി
ഇറാൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ചെന്ന ന്യായം പറഞ്ഞ് എയർ ഇന്ത്യ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് തീരുമാനം സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു. ആഭ്യന്തര-അന്തർദേശീയ വിമാന സർവoസുകളിൽ ഘട്ടംഘട്ടമായി സർചാർജ് നടപ്പാക്കാനുള്ള ഈ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് പിൻവലിക്കണം. ഗൾഫ് രാജ്യങ്ങളിൽ തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കിലുണ്ടാകുന്ന ചെറിയ വർധന പോലും താങ്ങാവുന്നതിലപ്പുറമാണ്.
ഇന്ധന സർചാർജ് എന്ന പേരിൽ അധിക തുക ഈടാക്കുന്നത് വിമാനയാത്ര കൂടുതൽ ചെലവേറിയതാക്കും. ഇത് കുടുംബങ്ങളെ സന്ദർശിക്കാനും അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിൽ പോകാനും പ്രവാസികൾ നടത്തുന്ന നീക്കങ്ങളെ പ്രതികൂലമായി ബാധിക്കും. ഗൾഫ് മേഖലയിലെ യുദ്ധപ്രതീതിയുടെ പശ്ചാത്തലത്തിൽ, 2026 മാർച്ച് തുടക്കത്തിൽ ഏവിയേഷൻ ടർബൈൻ ഇന്ധനമായ എ.ടി.എഫ് (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ) വിലയിലുണ്ടായ വർധനവാണ് സർചാർജിന് കാരണമായി എയർ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ വാദം പൂർണമായും അംഗീകരിക്കാനാവില്ല. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ ഭാരം മുഴുവൻ സാധാരണക്കാരായ യാത്രക്കാരുടെ തലയിൽ കെട്ടിവെക്കുന്നത് നീതിയല്ല.
വിദേശത്ത് കഠിനാധ്വാനം ചെയ്ത് നാടിെൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പ്രവാസികളുടെ യാത്രാഭാരം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. മറിച്ച്, സർചാർജുകൾ ഏർപ്പെടുത്തി അവരെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ഖേദകരമാണ്. വിദേശത്തുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ ക്ഷേമം മുൻനിർത്തി, എയർ ഇന്ത്യയുടെ ഈ വിവേചനപരമായ തീരുമാനം പുനഃപരിശോധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. യാത്രക്കാരെ കൊള്ളയടിക്കുന്ന ഈ നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

