എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ നടപടി ക്രൂരത -കെ.എം.സി.സി സൗദി
text_fieldsറിയാദ്: മുന്നറിയിപ്പില്ലാതെ സർവിസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു.
കേരളത്തിൽനിന്ന് 20 ഓളം സർവിസുകളാണ് ഒന്നിച്ചു റദ്ദാക്കിയത്. കരിപ്പൂരിൽനിന്ന് മാത്രം 12 സർവീസുകൾ നിലച്ചപ്പോൾ പ്രവാസികളുൾപ്പടെ ആയിരക്കണക്കിന് യാത്രക്കാർ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി. ഇതുമൂലം സൗദി ഉൾപ്പടെ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്കു യാത്ര തിരിക്കാൻ ഒരുങ്ങിയവർക്കും വിനയായി. വിസിറ്റിംങ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങൾ ഉൾപ്പടെയുളളവരും ഇക്കൂട്ടത്തിലുണ്ട്. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്തരമൊരവസ്ഥക്ക് കാരണം. സമരപരിപാടികൾ മുൻകൂട്ടി കണ്ട് നടപടികൾ നീക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഈ യാത്രക്കാർക്കുണ്ടാകുന്ന ഏതൊരു നഷ്ടങ്ങൾക്കും കാരണക്കാരെന്ന് കെ.എം.സി.സി നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇവരിൽ പലരുടെയും വിസ കാലാവധി ഇന്ന് തീരുന്നവരാണെന്നത് ഗുരുതരമായ വിഷയമാണ്. വെറും നഷ്ടപരിഹാരം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇക്കാര്യം. ജീവനക്കാരുടെ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാമെന്നിരിക്കെ ഇത്തരമൊരു ഘട്ടത്തിൽ കൺഫേം ടിക്കറ്റ് നൽകി യാത്രക്കാരെ വഞ്ചിക്കുന്ന നിലപാടാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സ്വീകരിച്ചത്.
പ്രവാസികൾക്ക് നേരിട്ട യാത്ര ദുരിതത്തിൽ കേരള സർക്കാറും നോർക്കയും അടിയന്തരമായി ഇടപെടണമെന്നും വിസ തീരുന്നത് മൂലം ജോലി നഷ്ടപ്പെടുന്നവർക്ക് ഉടൻ പരിഹാരം കണ്ടെത്തി നൽകണമെന്നും മറ്റുളളവർക്ക് നഷ്ടപരിഹാരവും നൽകണമെന്നും കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട് , ചെയർമാൻ ഖാദർ ചെങ്കള എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

