നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് എയർ ഇന്ത്യയിൽ സ്ട്രെച്ചർ അനുവദിച്ചില്ല
text_fieldsനട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാഘവൻ തുളസി
റിയാദ്: നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് എയർ ഇന്ത്യ വിമാനത്തിൽ സ്ട്രെച്ചർ അനുവദിച്ചില്ലെന്ന് ആരോപണം. റിയാദിൽ വെച്ച് കെട്ടിടത്തിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അടിയന്തര ചികിത്സക്കായി നാട്ടിേലക്ക് പുറപ്പെടാനൊരുങ്ങിയ ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസിയുടെ (56) യാത്രയാണ് മുടങ്ങിയത്. റിയാദിൽ നിർമാണ മേഖലയിലാണ് കഴിഞ്ഞ 25 വർഷത്തിലേറെയായി ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിർമാണ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്നത്. ജോലിക്കിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ മൂന്നാം നിലയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം വീണത്. ഉടൻ തന്നെ ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
എന്നാൽ ചികിത്സക്കാവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ, ഭീമമായ തുക മുൻകൂർ അടക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് പ്രാഥമിക ചികിത്സക്ക് ശേഷം തുടർചികിത്സക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്ട്രെച്ചർ ടിക്കറ്റിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നതെന്നും മുമ്പ് സമർപ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, മറ്റ് വിമാനക്കമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്ട്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുകതന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെത്തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്ട്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

