എയർ അറേബ്യ യാംബു സർവിസ് പുനരാരംഭിക്കുന്നു, നവംബർ 28 മുതൽ
text_fieldsയാംബു: യാംബുവിനും ഷാർജക്കുമിടയിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാൻ എയർ അറേബ്യ. മലയാളികളടക്കമുള്ള യാംബുവിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലെത്താൻ കൂടുതൽ ആശ്രയിച്ചിരുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യ ഒരു വർഷം മുമ്പാണ് ചില സാങ്കേതിക കാരണങ്ങളാൽ ഈ റൂട്ടിലെ സർവിസ് നിർത്തിവെച്ചത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരുന്നു നേരത്തെ സർവിസ്. ഇത് നിർത്തിയത് ഈ റൂട്ടിലെ യാത്രക്കാർക്ക് ഇരുട്ടടിയായി.
ഖത്തർ എയർവേയ്സ് ഈ റൂട്ടിൽ കഴിഞ്ഞ ഡിസംബറിൽ സർവിസ് ആരംഭിച്ച പശ്ചാത്തലത്തിൽ സർവിസ് ഷെഡ്യൂളുകളിൽ മാറ്റം വേണമെന്ന എയർപോർട്ട് അതോറിറ്റിയുടെ നിർദേശം പാലിക്കാൻ പറ്റാതെ വന്നപ്പോഴാണ് എയർ അറേബ്യ സർവിസ് താൽക്കാലികമായി നിർത്തിവെച്ചത്. പുനരാരംഭിക്കുമ്പോൾ ആഴ്ചയിൽ രണ്ട് സർവിസായിരിക്കും. വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.45ന് ഷാർജയിൽനിന്ന് പുറപ്പെട്ട് രാവിലെ 11.55ന് യാംബുവിലും തിരികെ ഉച്ചക്ക് 12.55ന് പുറപ്പെട്ട് വൈകീട്ട് 4.25ന് ഷാർജയിലും എത്തുംവിധമാണ് സർവിസ് ക്രമീകരണം.
കണക്ഷൻ വിമാനങ്ങൾ വഴിയാണെങ്കിലും യാംബുവിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമൊക്കെ എയർ അറേബ്യ സർവിസുണ്ടാകും എന്നതാണ് ഈ മേഖലയിലെ മലയാളി യാത്രക്കാർക്കുള്ള ആശ്വാസം. ബജറ്റ് എയർലൈൻ ആയതിനാൽ യാത്രാചെലവ് കുറവുമാണ്.

