സന്ദർശകരെ ആകർഷിച്ച് 'ഐൻ അൽ ജാബരിയ' ഉറവ
text_fieldsയാംബു അൽ നഖ്ലിലെ 'ഐൻ അൽ ജാബരിയ' പ്രദേശത്തെ പ്രകൃതിരമണീയമായ കാഴ്ചകൾ
യാംബു: യാംബു ടൗണിൽനിന്ന് 50 കിലോമീറ്റർ കിഴക്ക് കാർഷികമേഖലയായി അറിയപ്പെടുന്ന യാംബു അൽ നഖ്ൽ പ്രദേശം സന്ദർശകർക്ക് ഹൃദ്യമായ കാഴ്ച്ചകൾ നൽകുന്ന ഒരിടമാണ്. പ്രകൃതിയുടെ വരദാനമായി മരുഭൂമിയിലെ വറ്റാത്ത ഉറവുകൾ ധാരാളമായി മേഖലയിലെ വിവിധ ഭാഗങ്ങളിൽ കാണാം. സന്ദർശകർക്ക് വിസ്മയ കാഴ്ചയൊരുക്കി 'ഐൻ അൽ ജാബരിയ' എന്ന പേരിലറിയപ്പെടുന്ന ഉറവ ശ്രദ്ധേയമായൊരു കാഴ്ചയാണ്.
ഹരിതാഭമായ ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും പൗരാണിക ഗ്രാമത്തിന്റെ ശേഷിപ്പുകൾ തൊട്ടറിയാനും സ്വദേശികളും വിദേശികളുമായ സന്ദർശകർ ഇവിടെ എത്തുന്നു. പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ സന്ദർശകരുടെ സാന്നിധ്യമാണിവിടെ. കുട്ടികൾക്കും മുതിർന്നവർക്കും മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന നയനാനന്ദകരമായ കാഴ്ചകളും തണുപ്പാർന്ന മനോഹരമായ ജലാശയങ്ങളും ഏറെ ഹൃദ്യമായ അനുഭവമാണ് പകർന്നു തരുന്നത്.
ശുദ്ധമായ സമൃദ്ധജലം ധാരാളം കിട്ടുന്ന സ്ഥലമാണിവിടെ. മരുഭൂമിയുടെ മുകൾപരപ്പിൽ നിന്ന് പ്രവഹിക്കുന്ന ശക്തമായ ജലധാരകൾ വിസ്മയകാഴ്ചയൊരുക്കുന്നു. 'ഐൻ അൽ ജാബരിയ' മൂന്നു പതിറ്റാണ്ടോളം ഉറവ് വറ്റിക്കിടക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വീണ്ടും ഉറവ വന്നുതുടങ്ങിയത്. നീരുറവ വീണ്ടും വന്നതിന് ശേഷം അതിനെ സംരക്ഷിക്കുവാനും മാലിന്യങ്ങളിൽ നിന്ന് അതിനെ മുക്തമാക്കാനും അധികൃതർ പ്രത്യേകം പദ്ധതി ആവിഷ്കരിച്ചിരുന്നു. ഉറവയുടെ സമീപത്തായി ഒരു പള്ളിയും ഉണ്ട്.
അറേബ്യൻ ഉപദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രാമങ്ങളിൽ ഒന്നാണ് യാംബു അൽ നഖ്ൽ. വിശാലമായ ഈ പ്രദേശത്തുള്ള അൽ ജാബരിയ ഉറവിന് സമീപത്ത് അറബ് പഴമയുടെ സംസ്കാരം കുടിക്കൊള്ളുന്ന നാഗരികതയുടെ ധാരാളം ശേഷിപ്പുകളും കാണാം.
ശുദ്ധമായ ജല ലഭ്യത വേണ്ടുവോളം കനിഞ്ഞു നൽകിയ ഈ ഗ്രാമത്തിലേക്കായിരുന്നു ഹിജാസിന്റെ വിദൂരദേശങ്ങളിൽനിന്ന് വെള്ളം ശേഖരിക്കാൻ ആളുകൾ വന്നിരുന്നത്. തുകൽ സഞ്ചികളും ഒട്ടകങ്ങളുമായി ഈ പ്രദേശത്തേക്ക് കുടിവെള്ളത്തിനായി വന്ന യാത്രാ സംഘങ്ങളെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ സംസ്കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന മണ്ണുകൊണ്ടുട്ടാക്കിയ പഴമയുടെ ചാരുത നിറഞ്ഞ കെട്ടിടങ്ങളുടെ ശേഷിപ്പുകൾ കാലത്തെ അതിജീവിച്ച് ഇന്നും പ്രദേശത്ത് നിലനിൽക്കുന്നു.
നീരുറവകൾ ധാരാളമുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ പ്രതാപത്തിന്റെ കാലത്തെക്കുറിച്ച് അറബ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട് . പ്രായമായ അറബികൾ പ്രദേശത്തിന്റെ ചരിത്ര പ്രധാനമായ നാൾവഴികൾ അയവിറക്കാൻ ഇവിടെയെത്തുന്നതായി കാണാം. പണ്ട് സുലഭമായ ജല സ്രോതസ്സുകൾ ധാരാളമായി ഇവിടെ ഉണ്ടായിരുന്നെന്നും കാലക്രമേണ ജലദൗർലഭ്യം ഹേതുവായി ജനവാസം കുറഞ്ഞുപോയിയെന്നുമാണ് ഇവിടത്തെ പഴമക്കാർ പറയുന്നത്.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് പഴയപോലെ ഉറവകൾ വീണ്ടും പ്രകടമായത്. ഈന്തപ്പനത്തോട്ടങ്ങളുടെ നാഡി ഞരമ്പുകളായിരുന്ന ശക്തമായ നീരുറവകളാണ് യാംബുവിന് 'ഉറവ്' എന്ന അർഥം ലഭിക്കുന്ന ആ പേര് തന്നെ ലഭിക്കാൻ കാരണം. ഇപ്പോഴുള്ള സുലഭമായ ജലലഭ്യതയിൽ അതിരറ്റ് സന്തോഷിക്കുന്ന സ്വദേശി കർഷകർ ഇവിടുത്തെ കൃഷിത്തോട്ടങ്ങളിലെ പതിവ് കാഴ്ചയാണിപ്പോൾ. വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും തൈകളും മറ്റും നനച്ചു കൊണ്ടിരിക്കുന്ന കർഷകർ തോട്ടങ്ങളിൽ സജീവമാണ്.
ഇവിടുത്തെ കാർഷിക മേഖലയിലെ ജലധാരാ കാഴ്ചകൾ മലയാളികൾക്ക് നാട്ടിലെ ഗ്രാമീണ ഭംഗി നുകരാൻ കഴിയുന്ന പോലുള്ള ഗൃഹാതുര ഓർമകളാണ് പകർന്നു നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

