അന്താരാഷ്ട്ര എ.ഐ കോൺഫറൻസിൽ തിളങ്ങാൻ ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥി മുഹമ്മദ് ഫായിസ് ഹംഗറിയിലേക്ക്
text_fieldsജിദ്ദ: നാച്ച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിലെ ആഗോള കോൺഫറൻസായ 'ഇ.എം.എൻ.എൽ.പി 2026'-ൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ ജിദ്ദ ഇന്റർ നാഷനൽ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥി മുഹമ്മദ് ഫായിസ് പരപ്പൻ തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സിന്റെ (എ.സി.എൽ) നേതൃത്വത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് അന്താരാഷ്ട്ര കോൺഫറൻസ്.
'അഡ്വാൻസിങ് ദി ഫ്രോണ്ടിയേഴ്സ് ഓഫ് എ.ഐ ഇൻ നാച്വറൽ ലാംഗ്വേജ് പ്രോസസിങ്: എമ്പിരിക്കൽ മെത്തേഡ്സ് ആൻഡ് ഫ്യൂച്ചർ ഡയറക്ഷൻസ്' എന്ന വിഷയത്തിലാണ് ഫായിസ് പ്രബന്ധം അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, കമ്പ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ് എന്നീ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. മുമ്പ് ചൈനയിലെ സുഷൗവിൽ 2025 ലും ഫായിസ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു.
നിലവിൽ അമേരിക്കയിലെ പ്രശസ്തമായ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ എ.ഐ ഗവേഷകനും പിഎച്ച്ഡി വിദ്യാർഥിയുമാണ് ഫായിസ്. ഐ.ഐ.ടി ഖരഗ്പൂരിൽ നിന്നും ഒന്നാം റാങ്കോടെയാണ് ബി.ടെക്, എം.ടെക് ബിരുദങ്ങൾ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ പത്തിരിയാൽ സ്വദേശിയാണ് ഫായിസ്. 34 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറിയായ യൂസുഫ് അലി പരപ്പന്റെയും ഹസീന നെച്ചിക്കാടന്റെയും മകനാണ്.

