‘സിജി’ റിയാദ് എ.ഐ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു
text_fields‘സിജി’ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച എഐ ലിറ്ററസി കാമ്പിൽനിന്ന്
റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിെൻറ നേതൃത്വത്തിൽ മലസിലെ ഡിമോയ്സ് ട്രെയിനിങ് സെൻററിൽ എഐ ലിറ്ററസി കാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, വർക്കിങ് പ്രഫഷനലുകൾ, ബിസിനസുകാർ എന്നിവർ പങ്കെടുത്ത കാമ്പിൽ നിത്യജീവിതത്തിലെ എഐ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയുടെ അടിസ്ഥാനങ്ങളെയും സാധ്യതകളെയും കുറിച്ച് ബി.എച്ച്. മുനീബ് ക്ലാസെടുത്തു.
ഗൂഗ്ളിെൻറ ‘നോട്ട്ബുക്ക് എൽഎം’ ടൂളിെൻറ സവിശേഷതകളും പഠന-ഗവേഷണങ്ങൾക്കായി വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുന്ന രീതിയും അബൂബക്കർ മഞ്ചേരി ലൈവ് ഡെമോയിലൂടെ കാണിച്ചു വിശദീകരിച്ചു. ക്ലൗഡ്, ചാറ്റ് ജിപിടി, കോവർക്ക് എന്നീ ടൂളുകളിലൂടെ തൊഴിൽലോകത്തെ പുതിയ അവസരങ്ങളെക്കുറിച്ചും ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനെക്കുറിച്ചും സക്കീർ വളപ്പിൽ വിശദീകരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകമായ അവതാർ നിർമാണവും എഐ അനിമേഷൻ സാങ്കേതികവിദ്യകളും റിസ്‌വാൻ തിരൂർ പരിചയപ്പെടുത്തി. പഠനമികവ് വർധിപ്പിക്കാൻ ജെമിനി, ഗൂഗിൾ എഐ സ്റ്റുഡിയോ, ലവബിൾ എഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന രീതി മാസ്റ്റർ സയ്യാൻ മുസ്തഫ അവതരിപ്പിച്ചത് പങ്കെടുത്തവർക്ക് വലിയ ആവേശമായി.
വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ സ്വന്തം കമ്പ്യൂട്ടറുകളിൽ ‘ഒല്ലാമ’ ഉപയോഗിച്ച് ലോക്കൽ എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന രീതി അബ്ദുൽ അസീസ് തങ്കായത്ത് ലൈവ് ഡെമോയിലൂടെ വിശദീകരിച്ചു. അമീർ ഖാൻ കാമ്പ് ഡയറക്ടറായ പരിപാടിയിൽ റഷീദ് അലി ഖുർആൻ സന്ദേശം അവതരിപ്പിക്കുകയും നവാസ് റഷീദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. റിയാദിലെ പൊതുസമൂഹത്തിനായി വരും ദിവസങ്ങളിലും ഇത്തരം കാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചാപ്റ്റർ ചെയർമാൻ ബി.എച്ച്. മുനീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

