റോന്ത് ചുറ്റാൻ നിർമിത ബുദ്ധി സംവിധാനമുള്ള കാറുകൾ
text_fieldsഅന്താരാഷ്ട്ര പ്രതിരോധ പ്രദർശന മേളയിൽ പ്രദർശിപ്പിച്ച
പട്രോളിങ്ങിനുള്ള എ.ഐ ഇലക്ട്രിക് കാർ
റിയാദ്: സൗദി അറേബ്യയിൽ ഇനി റോന്ത് ചുറ്റാനും സുരക്ഷാനിരീക്ഷണത്തിനും നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാറുകൾ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനത്തോടെ സൗദിയിൽ നിർമിച്ച ആദ്യത്തെ ലൂസിഡ് ഇലക്ട്രിക് സെക്യൂരിറ്റി കാർ ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ചു. റിയാദിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രതിരോധ പ്രദർശന മേളയിലാണ് ഈ കാർ പ്രദർശിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ലംഘനങ്ങൾ നിരീക്ഷിക്കാൻ എ.ഐ സംവിധാനത്തിലൂടെ ഇൗ കാറിന് കഴിയും.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ ഇതിലുണ്ട്. ആറ് ഇൻ കാമറകൾ വഴി മുഖഭാവങ്ങൾ നിരീക്ഷിച്ച് ആളുകളെ തിരിച്ചറിയാനും അവരുടെ പെരുമാറ്റം നിർണയിക്കാനും ഇതിന് കഴിയും. ഡേറ്റ വിശകലനം ചെയ്യാനും റിസൾട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലേക്ക് അയക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത് സുരക്ഷയുടെ നിലവാരവും ട്രാഫിക് നിയന്ത്രണത്തിെൻറ നിലവാരവും ഉയർത്തും.
കാറിെൻറ മുകളിൽ ഡ്രോണും ഘടിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഈ ഡ്രോൺ പറക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. വെടിവെപ്പ് പോലുള്ള സംഭവമുണ്ടായാൽ ദൂരെനിന്ന് സ്ഥലത്തിെൻറ ഫോട്ടോ എടുക്കുന്നതിനും പട്രോളിങിന് ആവശ്യമായ ഡേറ്റ ശേഖരിക്കുന്നതിനും ഡ്രോൺ നേരിട്ട് പറത്താനാകും. ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ലൂസിഡ് ഫാക്ടറിയിലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനമുള്ള ഈ ഇലക്ട്രിക് സുരക്ഷാ വാഹനം നിർമിച്ചത്.
പ്രതിവർഷം 5,000 കാറുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവിയിൽ പ്രതിവർഷം 1,55,000 ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലേക്ക് ക്രമേണ എത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമേള രണ്ടാം പതിപ്പ് റിയാദിൽ ആരംഭിച്ചത്. വ്യാഴാഴ്ച വരെ തുടരും. 75ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 750ലധികം പ്രദർശകരും 115 പ്രതിനിധികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

