അഹമ്മദ് പാറക്കല്‍: കര്‍മനൈരന്തര്യത്തിന്റെ വിയോഗം
text_fieldsജിദ്ദ: നിരവധി പൂര്‍വകാല പ്രവാസികളുടെ മാര്‍ഗദര്‍ശിയും വഴികാട്ടിയുമായിരുന്ന, സാമൂഹ്യ സേവന മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന അഹമ്മദ് പാറക്കലിന്റെ അപ്രതീക്ഷിത മരണം ജിദ്ദയിലെ അദ്ദേഹത്തിന്റെ പൂര്‍വകാല സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തീരാദുഃഖത്തിലാഴ്ത്തി. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ അഹമ്മദ് പാറക്കലിന്റെ ഈ ലോകത്തോടുള്ള വിടവാങ്ങല്‍ ആകസ്മികമായിരുന്നുവെങ്കിലും പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
ജിദ്ദയില്‍ തനിമ സാംസ്കാരിക വേദി കെട്ടിപ്പടുക്കുന്നതിലും സംഘടനയുടെ വിവിധ മേഖലകളിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിക്കുകയും സജീവ സാന്നിധ്യവുമായിരുന്നു. ജിദ്ദയിൽ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ അദ്ദേഹം നന്നായി ശ്രമിച്ചിരുന്നു. തികഞ്ഞ സംതൃപ്തിയോടെ അദ്ദേഹത്തിന്റെ ജിദ്ദയിലെ ഫ്ലാറ്റിൽ വെച്ച് നിരവധി പ്രബോധന, ഖുർആൻ ക്ലാസുകൾ നടത്തുന്നതിലും അദ്ദേഹം തികഞ്ഞ സംതൃപ്തിയിലായിരുന്നു.
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്‍ഡ്യ (സിജി)യുടെ ജിദ്ദ ചാപ്റ്ററിനെ വളര്‍ത്തുന്നതില്‍ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. ജിദ്ദയിലെ പ്രവാസി അഭ്യസ്തവിദ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുവേദിയായിരുന്ന എയ്ജസിന്റെ പ്രവര്‍ത്തനത്തിലും അഹമ്മദ് പാറക്കല്‍ സജീവമായ പങ്ക് വഹിച്ചിരുന്നു. ഹജ്ജ് സേവന മേഖലകളിലും അക്കാലത്ത് മക്കയിൽ നിന്നും ബലി മാംസം ജിദ്ദയില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിലും അദ്ദേഹം കാണിച്ച താല്പര്യം പൂര്‍വകാല പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.
പ്രവാസം ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷവും ജനസേവന ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹം തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകത്തില്‍ പ്രവര്ത്തിച്ചുവരുകയുമായിരുന്നു.
സൗമ്യപ്രകൃതിയും വിനയവും കൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു അഹമ്മദ് പാറക്കല്‍. അക്കാലത്ത് ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിരുന്നിട്ടും അതിന്റെ തലക്കനം ഒട്ടും തീണ്ടാത്ത മഹാവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് വിവിധ മേഖലകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയും വ്യവസായ പ്രമുഖനുമായ സലീം മുല്ലവീട്ടീല് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

