‘അഹ്ലൻ ജിസാൻ 2025’ മെഗാ ഇവൻറിന് പ്രൗഢോജ്ജ്വല സമാപനം
text_fieldsകെ.എം.സി.സി ജിസാൻ കമ്മിറ്റി സംഘടിപ്പിച്ച 'അഹ്ലൻ ജിസാൻ-2025' ഇന്ത്യൻ കമ്യൂണിറ്റി
മെഗാ പരിപാടിയിൽ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും മറ്റ്
അതിഥികളും
ജിസാൻ: കെ.എം.സി.സി ജിസാൻ കമ്മിറ്റി സംഘടിപ്പിച്ച 'അഹ്ലൻ ജിസാൻ-2025' ഇന്ത്യൻ കമ്മ്യൂനിറ്റി മെഗാ ഇവന്റ് സമാപിച്ചു. ജിസാൻ ഫുഖ മെറിന ഓഡിറ്റോറിയത്തിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത മഹാസംഗമത്തിന്റെ ഉദ്ഘാടനം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തെ ഉന്നമനത്തിന് ഇന്ത്യൻ കോൺസുലേറ്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ. മൻസൂർ നാലകത്ത് മെഗാ ഇവൻറിനെ പരിചയപ്പെടുത്തി സംസാരിച്ചു.
കെ.എം.സി.സി ജിസാൻ വെൽഫെയർ വിംങ്ങിന്റെ ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഷംസു പൂക്കോട്ടൂറിന് കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി കൈമാറി. അഹ്ലൻ ജിസാൻ മെഗാ ഇവൻറിന്റെ ഭാഗമായി ജിസാനിലെ വ്യവസായ പ്രമുഖരെയു ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, സെക്രട്ടേറിയേറ്റ് അംഗം ഗഫൂർ വാവൂർ എന്നിവർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും സിറാജ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു. സി.സി ഡബ്ലിയു.എ അംഗങ്ങളായ സയ്യിദ് ഖാഷിഫ്, താഹ കൊല്ലേത്ത് തുടങ്ങിയവരും ജിസാനിലെ വിവിധ സംഘടനകളായ ജല, ഒ.ഐ.സി.സി, തനിമ, ഐ.സി.എഫ്, ഇസ്ലാമിക് സെന്റർ, ജിസാൻ തമിഴ് ഘടകം എന്നിവയുടെ പ്രതിനിധികളും സംസ്കാരിക സമ്മേളനത്തിൽ അതിഥികളായി സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി കുടുംബിനികൾക്ക് പാചക മത്സരം, മെഹന്തി മത്സരം എന്നിവയും കുട്ടികളുടെ വിവിധ മൽസരങ്ങളും, ഒപ്പന, കോൽക്കളി, നൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. സൗദി പരമ്പരാഗത നൃത്തം പരിപാടിയുടെ മാറ്റുകൂട്ടി. സലിം കൊടത്തൂരും സംഘവും ഒരുക്കിയ സംഗീത വിരുന്ന് മെഗാ ഇവൻറിനെ ആഘോഷരാവാക്കി മാറ്റി.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ സബ് കമ്മറ്റികൾ, ഏരിയ കമ്മിറ്റി ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

