‘അഹ്ലൻ ദവാദ്മി 2025’ ഇന്ത്യൻ സാംസ്കാരിക പരിപാടികൾ അരങ്ങേറി
text_fields‘അഹ്ലൻ ദവാദ്മി 2025’ ഇന്ത്യൻ സാംസ്കാരിക പരിപാടികൾ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാദ്മി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അഹ്ലൻ ദവാദ്മി 2025’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഒരു ദിവസം നീണ്ട വിവിധ കലാപരിപാടികൾ അരങ്ങേറി. സൗദി ടൂറിസം കൗൺസിലും ഇന്ത്യൻ കൾച്ചറൽ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദവാദ്മി മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ മലയാളിസംഘടനകൾ ചേർന്ന് രൂപവത്കരിച്ച സംഘാടകസമിതി പരിപാടികൾക്ക് നേതൃത്വം നൽകി. മുൻസിപ്പാലിറ്റി ഓപൺ ഗ്രൗണ്ടിൽ അരങ്ങേറിയ ആഘോഷപരിപാടിയിൽ, ദവാദ്മിയിലെ വിവിധ വകുപ്പ് മേധാവികളും സ്വദേശികളും പ്രവാസികളുമടക്കം വലിയ ജനാവലി സാക്ഷിയായി. വിവിധ രാജ്യക്കാർ തമ്മിലുള്ള വടംവലി മത്സരം കാണികളെ ആവേശഭരിതരാക്കി. ടീം പാകിസ്താൻ വടംവലിയിൽ വിജയികളായി.
ചെയർമാൻ ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഗായകൻ ഹാഷിം അബ്ബാസ്, ജി.സി.സി മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട്, സാമൂഹിക പ്രവർത്തകൻ നിഹ്മത്തുല്ല, കേളി ദാവാദ്മി രക്ഷാധികാരി സെക്രട്ടറി ഉമർ എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, റാഫി പാങ്ങോട്, നിഹ്മത്തുല്ല, ഹുസൈൻ, ഹാഷിം ബാസ്, അയ്തൻ റിതു എന്നിവരെ മുൻസിപ്പാലിറ്റി മേധാവി തുർക്കി വേദിയിൽ ആദരിച്ചു. സംഘാടകസമിതി കൺവീനർ മുസ്തഫ സ്വാഗതവും കെ.എം.സി.സി ഏരിയ പ്രസിഡന്റ് സിദ്ദീഖ് നന്ദിയും പറഞ്ഞു.
തുറസ്സായ വേദിയിൽ അരങ്ങേറിയ കലാപ്രകടനങ്ങൾ പ്രവാസികളിൽ ആനന്ദവും സ്വദേശികളിൽ വിസ്മയവും തീർത്തു. സൗദി ഗായകൻ ഹാഷിം അബ്ബാസ്, റിയാദിൽനിന്നുള്ള കുഞ്ഞിമുഹമ്മദും സംഘവും അവതരിപ്പിച്ച അറബിക്, ഹിന്ദി, നാടൻപാട്ടുകൾ, ചെണ്ടമേളം, നാസിക് ഡോൾ, തെയ്യം, പരുന്താട്ടം, കാവടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയവ അരങ്ങേറി. വളയനൃത്തത്തിൽ ലോക റെക്കോഡ് കരസ്ഥമാക്കിയ കൊച്ചുകലാകാരി അയ്തൻ റിതുവിന്റെ പ്രകടനവും ശ്രദ്ധേയമായി.
വിവിധ ഇന്ത്യൻ വിഭവങ്ങളും ഏഷ്യൻ രാജ്യങ്ങളിലെ വിഭവങ്ങളും അറബിക് വിഭവങ്ങളും നിരത്തിയ ഭക്ഷണശാലകൾ, കോഫിഷോപ്പുകൾ, കളിപ്പാട്ടങ്ങൾ, നിത്യോപയോഗ സാധനങ്ങളുടെ വിവിധ സ്റ്റാളുകൾ എന്നിവ പരിപാടിക്ക് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

