കരാറിനെ സ്വാഗതംചെയ്ത് ജി.സി.സി കൗൺസിലും ഒ.ഐ.സിയും
text_fieldsജിദ്ദ: സുഡാനിലെ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാ കരാർ ഒപ്പുവെച്ചതിനെ ഒ.ഐ.സിയും ജി.സി.സി കൗൺസിലും സ്വാഗതംചെയ്തു.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി
സുഡാൻ സായുധസേനാ പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പ്രതിനിധികളും തമ്മിൽ ജിദ്ദയിൽ പ്രാഥമിക കരാറിൽ ഒപ്പുവെച്ചതിനെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും സ്വാഗതം ചെയ്തു.
എല്ലാ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണംചെയ്യുന്നതിനും എല്ലാ കക്ഷികളുടെയും കാഴ്ചപ്പാടുകൾ കൂടുതൽ അടുപ്പിക്കുന്നതിനും കഴിഞ്ഞ യോഗങ്ങളിൽ സൗദി അറേബ്യയും അമേരിക്കയും എല്ലാ കക്ഷികളുമായും നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.
സുഡാന്റെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷ, സമാധാനം, രാഷ്ട്രീയ സ്ഥിരത, വികസനം എന്നിവക്കായുള്ള സുഡാൻ ജനതയുടെ അഭിലാഷം കൈവരിക്കാനും ശാശ്വതവും സമഗ്രവും സമാധാനപരവുമായ പരിഹാരത്തിലേക്ക് എത്താനും ഈ കരാറിലൂടെ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ
പ്രഖ്യാപനം സുഡാനിലെ സായുധ പോരാട്ടം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സമാധാനവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു.
ഈ പ്രഖ്യാപനത്തിലെത്താൻ സൗദി അറേബ്യയും അമേരിക്കയും നടത്തിയ ശ്രമങ്ങളെ സെക്രട്ടറി ജനറൽ പ്രശംസിച്ചു. സുഡാനിലെ ദുഷ്കരമായ മാനുഷിക സാഹചര്യം അനുഭവിക്കുന്നവർക്ക് മാനുഷികവും ആരോഗ്യപരവുമായ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ കരാറിൽ ഒപ്പിട്ടവർ പാലിക്കണമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.
അടിയന്തരവും ശാശ്വതവുമായ വെടിനിർത്തലിൽ എത്തിച്ചേരാനും സമാധാന ചർച്ചയുടെ ചട്ടക്കൂടിൽ സുഡാനിലെ പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ട് സൗദി-അമേരിക്കൻ മേൽനോട്ടത്തിൽ ഇനിയും പ്രവർത്തനം തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.