നാലു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അബ്ദുസ്സലാം നാടണഞ്ഞു
text_fieldsഉനൈസ കെ.എം.സി.സി ഭാരവാഹികൾ അബ്ദുസ്സലാമിനുള്ള യാത്രാരേഖകൾ കൈമാറുന്നു
ബുറൈദ: സ്പോൺസറുടെ നിസ്സഹകരണം മൂലം രേഖകൾ ശരിപ്പെടുത്താനാവാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന മലപ്പുറം കീഴിശ്ശേരി വാലില്ലാപ്പുഴ സ്വദേശി അബ്ദുസ്സലാം നാലുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നാടണഞ്ഞു. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇദ്ദേഹത്തിന് മടക്കയാത്ര തരപ്പെട്ടത്. 20 വർഷത്തിലധികമായി ഉനൈസ ലേഡീസ് മാർക്കറ്റിലെ ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഏഴുവർഷം മുമ്പ് സ്ഥാപനം വിറ്റെങ്കിലും സാമ്പത്തിക ബാധ്യതകൾ അബ്ദുസ്സലാം തീർക്കണമെന്ന നിലപാടാണ് ഉടമ സ്വീകരിച്ചത്. ഇതിന്റെ പേരിൽ അബ്ദുസ്സലാമിനെതിരെ നിയമനടപടിക്കും സ്പോൺസർ മുതിർന്നു.
കെ.എം.സി.സി പ്രവർത്തകർ നേരിട്ട് സംസാരിച്ചെങ്കിലും ഒരു വിട്ടുവീഴ്ചക്കും സ്പോൺസർ തയാറായില്ല. ഈ സാഹചര്യത്തിലാണ് നാലുവർഷം മുമ്പ് നീതിതേടി ഉനൈസ തൊഴിൽ കോടതിയെ സമീപിച്ചത്. സ്പോൺസറുടെ നിസ്സഹകരണം മൂലം കേസ് നീണ്ടുപോയെങ്കിലും ഒടുവിൽ കോടതിക്ക് സത്യം ബോധ്യപ്പെടുകയും സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയിൽനിന്ന് അബ്ദുസ്സലാമിനെ ഒഴിവാക്കുകയുമായിരുന്നു. അനുകൂല വിധി വന്നതോടെയാണ് കാലാവധി കഴിഞ്ഞ താമസരേഖയടക്കം ശരിപ്പെടുത്താൻ സാധിച്ചത്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി നേതാക്കളായ ജംഷീർ മങ്കട, സയ്യിദ് സുഹൈൽ, അഷ്‌റഫ് മേപ്പാടി, വെൽഫെയർ വിങ് ചെയർമാൻ ഷമീർ ഫറോക്ക്, ശംസുദ്ദീൻ മേപ്പാടി എന്നിവർ ചേർന്ന് യാത്രാരേഖകൾ കൈമാറി. ബുറൈദയിലെ സാമൂഹിക പ്രവർത്തകനായിരുന്ന ഫൈസൽ ആലത്തൂരും നിയമപോരാട്ടത്തിൽ സഹായവുമായി ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

