എട്ടുവർഷത്തെ ദുരിതങ്ങൾക്കൊടുവിൽ തമിഴ്നാട് സ്വദേശി നാടണഞ്ഞു
text_fieldsകണ്ണൻ നാട്ടിലേക്ക് തിരിക്കും മുമ്പ് ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സോൺ പ്രവർത്തകരോടൊപ്പം
റിയാദ്: രോഗം ബാധിച്ചും നിയമക്കുരുക്കിലായും ദുരിതങ്ങൾ വേട്ടയാടിയ തമിഴ്നാട് സ്വദേശി എട്ടു വർഷത്തിനൊടുവിൽ നാടണഞ്ഞു. കടലൂർ ജില്ലയിലെ നെയ്വേലി സ്വദേശിയായ കണ്ണൻ എട്ടുവർഷം മുമ്പാണ് ജോലി തേടി റിയാദിലെത്തിയത്. വിവിധ ജോലികൾ ചെയ്തു. ഒടുവിൽ ഡ്രൈവറായി.
സമയത്ത് ഇഖാമ പുതുക്കാതെയും സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന ഹുറൂബ് കേസിലും ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് കേസിലുംപെട്ട് നിയമക്കുരുക്കിലായി.
അതുകൊണ്ട് വന്നശേഷം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. ഇതിനിടെ പ്രമേഹബാധിതനായി. രണ്ടാഴ്ച മുമ്പ് പ്രമേഹത്തിന് സ്വയം മരുന്ന് കഴിച്ച് ഇടതു കാലിനും കൈക്കും അംഗവൈകല്യം സംഭവിച്ചു. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്കെത്താൻ നിയമക്കുരുക്ക് തടസ്സമായി. റിയാദിൽ കിടക്കാൻ പോലും ഇടം കിട്ടാതെ പബ്ലിക് പാർക്കിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ദാരുണമായ അവസ്ഥ കണ്ടറിഞ്ഞ് ഇന്ത്യൻസ് വെൽഫെയർ ഫോറം റിയാദ് സോൺ സഹായിക്കാൻ മുന്നോട്ടു വന്നു.
ഈ ദുഷ്കര ദൗത്യം വേഗത്തിലാക്കാൻ റിയാദ് സോൺ ചെയർമാൻ മിമിസൽ നൂർ മുഹമ്മദ്, സോൺ സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി കൊടിപ്പള്ളം സാദിഖ് പാറ്റ്സ, ഡെപ്യൂട്ടി സെക്രട്ടറി കാട്ടുവ അജ്മി എന്നിവർ കഠിനപരിശ്രമമാണ് നടത്തിയതെന്ന് സംസ്ഥാന ഹെഡോഫിസ് സെക്രട്ടറി മായാവരം അമീൻ അറിയിച്ചു.
ഗതാഗത നിയമലംഘനത്തിനുള്ള പിഴയും മറ്റ് പിഴകളും അടച്ച് നാട്ടിലേക്ക് മടങ്ങാനുള്ള എക്സിറ്റ് രേഖ ഒടുവിൽ നേടിയെടുത്തു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. ഭാരവാഹി കാരക്കുടി അംസാദ് ഇബ്രാഹിം കണ്ണന് സഹായിയായി ഒപ്പം യാത്ര ചെയ്തു. നാട്ടിലേക്ക് മടങ്ങുേമ്പാൾ മകളുടെ സ്വപ്നമായ ഒരു മൊബൈൽ ഫോൺ കൊണ്ടുപോകണമെന്ന ആഗ്രഹവും ഇന്ത്യൻസ് വെൽഫെയർ ഫോറം പ്രവർത്തകർ സാധിപ്പിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

