മൂന്ന് പതിറ്റാണ്ടിെൻറ പ്രവാസം; നാട്ടിലേക്ക് മടങ്ങി ഉംലുജിലെ ‘ബലീലക്ക’
text_fieldsഇബ്രാഹീം കുട്ടി സൈനുദ്ദീൻ റാവുത്തറിന് ഉംലുജിലെ മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
യാംബു: സ്വദേശികളുടെയും പ്രവാസികളുടെയും സ്നേഹവും സൗഹൃദവും സമ്മാനിച്ച മധുരിക്കുന്ന ഓർമകളുമായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഇബ്രാഹീം കുട്ടി സൈനുദ്ദീൻ റാവുത്തർ 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. മൂന്ന് പതിറ്റാണ്ടുകാലം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ജോലി ചെയ്ത അദ്ദേഹത്തെ സ്വദേശികൾ ‘ബലീല’ എന്നും മലയാളികൾ ഏറെ സ്നേഹത്തോടെ ‘ബലീലക്ക’ എന്നുമാണ് വിളിച്ചിരുന്നത്.
ഇബ്രാഹീം കുട്ടി സൈനുദ്ദീൻ റാവുത്തർ
തുടക്കത്തിൽ ദമ്മാമിൽ ഏതാനും വർഷങ്ങൾ ജോലി ചെയ്ത ശേഷമാണ് ഇബ്രാഹീം കുട്ടി വടക്കൻ മേഖലയിലെ ഉംലുജിൽ എത്തുന്നത്. ഇവിടെ വെച്ചാണ് അദ്ദേഹത്തിെൻറ പ്രവാസം പുതിയൊരു വഴിത്തിരിവിലേക്ക് മാറുന്നത്. ഉംലുജിലെത്തിയ ആദ്യകാലങ്ങളിൽ സൈക്കിളിൽ കടല വിൽക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്.
സാധാരണയായി സൗദിയിൽ കടല ചേർത്തുണ്ടാക്കുന്ന ജനപ്രിയ ഭക്ഷണവിഭവത്തെയാണ് ‘ബലീല’ എന്ന് വിളിക്കുന്നത്. ഇബ്രാഹീം കുട്ടിയുടെ പക്കൽ നിന്നും സ്ഥിരമായി കടല വാങ്ങിയിരുന്ന സ്വദേശികളും വിദേശികളും പിന്നീട് അദ്ദേഹത്തെയും സ്നേഹപൂർവം ‘ബലീല’ എന്ന് വിളിച്ചു തുടങ്ങുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട ‘ബലീലക്ക’യായി മാറിയത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ ഉംലുജിലെ കടല വിൽപന അവസാനിപ്പിച്ച ഇബ്രാഹീം കുട്ടി, പിന്നീട് വിവിധ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലുമായി ജോലി ചെയ്തു വരികയായിരുന്നു. ഒടുവിൽ തെൻറ 72-ാം വയസ്സിലാണ് അദ്ദേഹം പ്രവാസത്തോട് വിടപറയാൻ തീരുമാനിച്ചത്. സ്വദേശികളുമായുള്ള ഊഷ്മളമായ സൗഹൃദത്തിെൻറയും മലയാളി സമൂഹവുമായുള്ള ഹൃദ്യമായ ബന്ധത്തിെൻറയും ഒരുപിടി നല്ല ഓർമകൾ നെഞ്ചിലേറ്റിയാണ് ഈ വയോധികൻ പ്രവാസമണ്ണിൽ നിന്നും വിമാനം കയറുന്നത്.
നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹീം കുട്ടിക്ക് ഉംലുജിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ആയിഷയാണ് ഭാര്യ. ഷീബ, ഷീജ, ഷൈല, മുഹമ്മദ് ഷാ, കരീം ഷാ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

