Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരു നൂറ്റാണ്ടിനുശേഷം...

ഒരു നൂറ്റാണ്ടിനുശേഷം സൗദി മണ്ണിൽ പേർഷ്യൻ ആൺ കാട്ടുകഴുതക്കുട്ടി ജനിച്ചു

text_fields
bookmark_border
ഒരു നൂറ്റാണ്ടിനുശേഷം സൗദി മണ്ണിൽ പേർഷ്യൻ ആൺ കാട്ടുകഴുതക്കുട്ടി ജനിച്ചു
cancel
camera_alt

സൗദിയിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിൽ ജനിച്ച കാട്ടുകഴുത കുട്ടിയും തള്ളയും

റിയാദ്: വന്യജീവി സംരക്ഷണരംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് സൗദി അറേബ്യ. ഒരു നൂറ്റാണ്ടിലേറെയായി അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിൽ നിന്ന് പൂർണമായി അപ്രത്യക്ഷമായിരുന്ന പേർഷ്യൻ കാട്ടുകഴുതയുടെ കുഞ്ഞ് സൗദിയിൽ ജനിച്ചു. ലോകത്തിലെ ഏറ്റവും അപൂർവമായ മൃഗങ്ങളിൽ ഒന്നായ ഇതി​െൻറ ജനനം വിജയകരമായി നടന്നത് അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലാണ്.

വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൂറിലധികം വർഷത്തെ ചരിത്രമുള്ള സൗദി അറേബ്യയിൽ ഇതാദ്യമായാണ് ഒരു ആൺ കാട്ടുകഴുതക്കുട്ടിയുടെ ജനനം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി സൗദി ഭരണകൂടം നടത്തുന്ന ഊർജ്ജിത ശ്രമങ്ങളുടെ വലിയൊരു വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 23 വന്യജീവി ഇനങ്ങളെ അവയുടെ പഴയ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് വീണ്ടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘അറേബ്യൻ വന്യജീവി പുനരധിവസിപ്പിക്കൽ പരിപാടി’യുടെ ഭാഗമായാണ് ഈ ജനനം. കഴിഞ്ഞ ജൂണിലാണ്​ ഈ ​പ്രസവം നടന്നതെങ്കിലും നിയമപരമായ നടപടികളും ഈ ആൺ കാട്ടുകഴുതക്കുഞ്ഞി​െൻറ ജീവിതത്തി​െൻറ ആദ്യ 12 മാസങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് റിസർവ് അധികൃതർ ഇപ്പോഴാണ്​ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

പൊതുവെ കാട്ടുകഴുതക്കുട്ടികളുടെ അതിജീവന നിരക്ക് 50 ശതമാനത്തിൽ താഴെ മാത്രമായതിനാൽ, ജനനശേഷമുള്ള ആദ്യ ഒരു വർഷം ഇവക്ക് ഏറ്റവും നിർണായകമാണ്. വരാനിരിക്കുന്ന ശൈത്യകാലത്ത് രണ്ട് കുഞ്ഞുങ്ങളുടെ ജനനം കൂടി റിസർവ് പ്രതീക്ഷിക്കുന്നുണ്ട്.

അന്താരാഷ്​ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നി​െൻറ 2025-ലെ കണക്കനുസരിച്ച്, ഈ ജീവിവർഗം വംശനാശത്തി​െൻറ നിഴലിലാണ്. ലോകമെമ്പാടുമുള്ള വന്യമേഖലകളിൽ ആകെ 600-ൽ താഴെ പേർഷ്യൻ കാട്ടുകഴുതകൾ മാത്രമാണ് നിലവിലുള്ളത്. വരും വർഷങ്ങളിൽ കൃത്യമായ സംരക്ഷണ നടപടികൾ ഉണ്ടായില്ലെങ്കിൽ 2050 ഓടെ ഇവയുടെ എണ്ണത്തിൽ 90 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഐ.യു.സി.എൻ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള ഈ വാർത്ത ആഗോള വന്യജീവി പ്രസ്ഥാനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഒരു നൂറ്റാണ്ടിലേറെയായി സൗദിയിൽ ആദ്യമായി രേഖപ്പെടുത്തിയ ഈ ജനനം, രാജ്യത്തേക്ക് കാട്ടുകഴുതകളെ ചരിത്രപരമായി പുനരവതരിപ്പിച്ചതി​െൻറ അടയാളപ്പെടുത്തലാണെന്ന് റിസർവ് സി.ഇ.ഓ ആൻഡ്രൂ സലോമിസ് വ്യക്തമാക്കി. ജോർഡാനിലെ റോയൽ സൊസൈറ്റി ഫോർ ദി കൺസെർവേഷൻ ഓഫ് നേച്ചറുമായി ചേർന്നുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ 2024 ഏപ്രിലിലാണ് ഇവയെ സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ജോർദാനിലെ ഷൗമാരി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കരമാർഗം 935 കിലോമീറ്റർ സഞ്ചരിച്ചാണ് അഞ്ച് പെൺ കഴുതകളും രണ്ട് ആൺ കഴുതകളും അടങ്ങുന്ന സംഘം അമീർ മുഹമ്മദ് ബിൻ സൽമാൻ റിസർവിലെ പുതിയ വാസസ്ഥലത്ത് എത്തിയത്.

ഇവിടെയെത്തിയതിനു ശേഷം ആദ്യഘട്ടത്തിൽ ഒരു പെൺകുഞ്ഞി​െൻറ ജനനം നടന്നെങ്കിലും തുടർന്നുണ്ടായ രണ്ട് പ്രസവങ്ങൾ പരാജയപ്പെട്ടു. കാട്ടുകഴുതകളെ പുതിയ ആവാസവ്യവസ്ഥയിൽ പുനരതിവസിപ്പിക്കുന്നതിലെ കഠിനമായ വെല്ലുവിളികളെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ പ്രായപൂർത്തിയാകാത്തവ ഉൾപ്പെടെ അഞ്ച് പെൺ മൃഗങ്ങളും മൂന്ന് ആൺ മൃഗങ്ങളുമാണ് ഈ കൂട്ടത്തിലുള്ളത്. സൗദി അറേബ്യയിൽ നിലവിലുള്ള ഇത്തരത്തിലുള്ള ഒരേയൊരു കാട്ടുകഴുതക്കൂട്ടം ഇതാണെന്നും സി.ഇ.ഓ അറിയിച്ചു.

ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഈ അറേബ്യൻ വന്യജീവി പുനരുദ്ധാരണ പദ്ധതിയിലൂടെ സ്ഥിരതയുള്ള ഒരു വന്യജീവി ജനസംഖ്യ സ്ഥാപിക്കുകയാണ് റിസർവി​െൻറ പ്രധാന ലക്ഷ്യം. ഇതുവരെ വംശനാശഭീഷണി നേരിടുന്ന 23 ഇനങ്ങളിൽ 14 എണ്ണത്തി​െൻറ പുനരധിവാസത്തിന് ഈ റിസർവ് വിജയകരമായി സംഭാവന നൽകിയിട്ടുണ്ട്.

ഇതിൽ ആറ് ഇനങ്ങളുടെ ജനനവും ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കാട്ടുകഴുതക്കൂട്ടത്തി​െൻറ ജനിതക വൈവിധ്യം വർധിപ്പിക്കുന്നതിലാണ് റിസർവ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതി​െൻറ ഭാഗമായി, ഈ വർഷം അവസാനം ഈ കൂട്ടത്തിലേക്ക് ചേർക്കുന്നതിനായി ജോർഡാനിൽ നിന്ന് എത്തിച്ച പുതിയൊരു പെൺ കാട്ടുകഴുത നിലവിൽ ക്വാറൻറീനിലാണ്. ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും ജനിതക വൈവിധ്യവും പരിതസ്ഥിതിയോടുള്ള പൊരുത്തപ്പെടലും പ്രോത്സാഹിപ്പിക്കാനുമായി രണ്ട് വ്യത്യസ്ത പ്രജനന കൂട്ടങ്ങൾ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സി.ഇ.ഓ ആൻഡ്രൂ സലോമിസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bornSaudi ArabiaPersianWild donkeys
News Summary - After a century, Persian wild ass foal born on Saudi soil
Next Story