Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുർവിധി തകർത്ത...

ദുർവിധി തകർത്ത പ്രവാസത്തിൽ കുടുങ്ങി 17കൊല്ലം; ഒടുവിൽ നാടണഞ്ഞത്​ പ്രാണന്റെ പാതിയായ മകന് അന്ത്യമൊഴി നൽകാൻ

text_fields
bookmark_border
ദുർവിധി തകർത്ത പ്രവാസത്തിൽ കുടുങ്ങി 17കൊല്ലം; ഒടുവിൽ നാടണഞ്ഞത്​ പ്രാണന്റെ പാതിയായ മകന് അന്ത്യമൊഴി നൽകാൻ
cancel
camera_alt

1. ഗീവർഗീസ്​  2. നാട്ടിൽ മകന്​ അന്ത്യശുശ്രൂഷ നൽകുന്നു

റിയാദ്: കണ്ണീരുണങ്ങാത്ത പ്രവാസത്തി​ന്റെ നീണ്ട 17 വർഷങ്ങൾ... ഒടുവിൽ സ്വന്തം മണ്ണിലേക്ക് വിമാനം കയറുമ്പോൾ ഗീവർഗീസ് എന്ന ആ പിതാവി​െൻറ മനസ്സിൽ നിറഞ്ഞത്​​ മകനെ നെഞ്ചോടു ചേർക്കണമെന്ന ആഗ്രഹമായിരുന്നില്ല, അവന് അവസാനമായി വിട നൽകണമെന്ന നെഞ്ചുപിളർക്കുന്ന വേദന മാത്രമായിരുന്നു. നിയമക്കുരുക്കുകളും കാത്തിരിപ്പും തീർത്ത വിരഹത്തിനൊടുവിൽ കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഗീവർഗീസ് (67) നാട്ടിലെത്തിയത് ജീവന്റെ ജീവനായ മക​ന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാണ്.

രണ്ട് പെൺമക്കളുടെ വിവാഹമടക്കമുള്ള കുടുംബത്തി​ന്റെ വലിയ ഉത്തരവാദിത്തങ്ങൾ തോളിലേറ്റിയാണ് ഗീവർഗീസ് പ്രവാസിയാകുന്നത്. ഇതിനിടയിൽ കൃത്യമായ രേഖകളോ ഇഖാമയോ ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഒരു നിയമകുരുക്കിൽ അകപ്പെടുന്നത്​. ഒരിക്കൽ വാഹനത്തിൽ കയറിയ യാത്രക്കാർ കരുതിയ മദ്യക്കുപ്പിയുടെ പേരിൽ ചെക്ക്പോസ്​റ്റിൽ വെച്ചുണ്ടായ പരിശോധനയിൽ അറിയാത്ത കുറ്റത്തിന് ഗീവർഗീസും കേസിൽപെട്ടു. ഇതോടെ ഇഖാമ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ നിയമത്തി​ന്റെ കടുപ്പമേറിയ ഭിത്തികൾക്കുള്ളിൽ ആ പ്രവാസം കുടുങ്ങിപ്പോകുകയായിരുന്നു.

ഗീവർഗീസ്​ നാട്ടിലേക്ക്​ യാത്ര തിരിക്കും മുമ്പ്​ സാമൂഹികപ്രവർത്തകർക്കൊപ്പം, 2. നാട്ടിൽ മകന്​ അന്ത്യശുശ്രൂഷ നൽകുന്നു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗീവർഗീസിന്റെ ലോകം തകിടം മറിച്ച ആ വാർത്തയെത്തുന്നത്. മകൻ അൻസൻ വർഗീസ് (26) സഞ്ചരിച്ച സ്കൂട്ടർ മതിലിലിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അൻസന് മസ്​തിഷ്​ക മരണം സംഭവിക്കുകയും ബുധനാഴ്ചയോടെ ആ ജീവൻ പൊലിയുകയും ചെയ്തു. ‘പപ്പാ... ഇനി മതി, നാട്ടിലേക്ക് തിരികെ വരൂ’ എന്ന് നിരന്തരം അഭ്യർത്ഥിച്ചിരുന്ന മകന്റെ അരികിലേക്കാണ്, അവന്റെ ജീവനറ്റ ശരീരത്തിന് മുന്നിലേക്കാണ് ആ അച്ഛന് മടങ്ങി ചെല്ലേണ്ടി വന്നത്.

രണ്ടുവർഷം മുമ്പ്​ ഈ മകൻ തൊഴിൽ വിസയിൽ റിയാദിലെത്തിയിരുന്നു. ജോലി പ്രശ്​നം മൂലം ആറുമാസത്തിന്​ ശേഷം നാട്ടിലേക്ക്​ മടങ്ങു​ന്ന സമയത്തും അവന്റെ ആവശ്യം ‘പപ്പയും കൂടെ വാ’ എന്നതായിരുന്നു. അത്രയും പ്രിയപ്പെട്ട ആ മക​ന്റെ അപകടമരണ വാർത്തയറിഞ്ഞ് അണപൊട്ടിയൊഴുകിയ കണ്ണീരുമായി നിൽക്കാനല്ലാതെ നിയമപരമായ വഴികളില്ലാതെ ഉഴറിയ ഗീവർഗീസിന് തുണയായത് സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടി​ന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളാണ്​.

തർഹീൽ (നാടുകടത്തൽ കേന്ദ്രം) അധികൃതരുമായി ഇവർ നടത്തിയ ചർച്ചകൾക്കൊടുവിൽ, ആ പിതാവി​ന്റെറ നോവ് തിരിച്ചറിഞ്ഞ അധികൃതർ മാനുഷിക പരിഗണന നൽകി അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. പാസ്‌പോർട്ട് പോലുമില്ലാതിരുന്ന ഗീവർഗീസിന് എംബസി ഉദ്യോഗസ്ഥരുടെയും തർഹീൽ അധികൃതരുടെയും സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ ഔട്ട്‌പാസും എക്​സിറ്റ്​ വിസയും ലഭ്യമാക്കി. അന്നു രാത്രിയിലെ ആകാശ്​ എയർ വിമാനത്തിൽ കൊച്ചിയിലേക്ക്...

വെള്ളിയാഴ്ച രാവിലെ നാടണഞ്ഞ ഗീവർഗീസ് വൈകുന്നേരത്തോടെ കൊല്ലത്തെ വീട്ടിലെത്തി. ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ, 17 കൊല്ലത്തിന്​ ശേഷം സ്വന്തം വീട്ടിൽ കാണാൻ കൊതിച്ച മകനെ ജീവനറ്റ അവസ്ഥയിൽ അവസാനമായി ഒരുനോക്ക് കാണുമ്പോൾ ആ പിതൃഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ട് കൂടിനിന്നവരുടെ കണ്ണുനിറഞ്ഞു.

സാധാരണ ഗതിയിൽ മാസങ്ങൾ നീളുന്ന നിയമനടപടികൾ, മാനുഷിക പരിഗണന നൽകി വേഗത്തിലാക്കിയാണ് സൗദി അധികൃതരും എംബസിയും ആ അച്ഛന് മകന് വിടചൊല്ലാനുള്ള അവസരമൊരുക്കിയത്. സാമൂഹിക​പ്രവർത്തകൻ കൂടിയായ തൃശൂർ സ്വദേശി നേവൽ, എംബസി വെൽഫെയർ വിങ്​ കോൺസുലർ വൈ. സാബിർ, അറ്റാഷെ സോനു കുമാർ, ഉദ്യോഗസ്​ഥൻ ആഷിഖ്​ എന്നിവരും ആവശ്യമായ സഹായങ്ങൾ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abroadexpatriateSaudi Arabia
News Summary - After 17 years stranded abroad, expatriate returns home to bid final farewell to son
Next Story