ജിദ്ദ: ജിദ്ദ സീസണിന്റെ അവസാനം വരെ ജിദ്ദ ആർട്ട് പ്രൊമെനേഡ് ഇവൻറ് ഏരിയയിലേക്ക് എല്ലാ സന്ദർശകർക്കും സൗജന്യ പ്രവേശനം നൽകുമെന്ന് ജിദ്ദ സീസൺ മാനേജ്മെൻറ് വ്യക്തമാക്കി. സൗജന്യ ഇവൻറ് ഏരിയകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും വാട്ടർഫ്രണ്ടിലെ ഉത്സവ അന്തരീക്ഷത്തിൽ പ്രദേശത്തെ പരിപാടികൾ കൂടുതൽ ആളുകൾക്ക് ആസ്വദിക്കുവാൻ അവസരം ലഭ്യമാക്കുന്നതിനുമാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്.
ജിദ്ദ സീസണിലെ പ്രധാന ഇവൻറ് വേദികളിലൊന്നാണ് ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയ. തത്സമയ ഷോകൾ, കടൽത്തീരത്തെ തീയേറ്ററുകൾ, കരിമരുന്ന് പ്രയോഗം, വിവിധ വിനോദ പരിപാടികൾ എന്നിവയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. 95 ലധികം ഷോപ്പുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കുട്ടികൾക്കായുള്ള ഗെയിം വിനോദ മേഖല തുടങ്ങിയവയും സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.
സീസൺ പരിപാടികൾ ആരംഭിച്ച ആദ്യ മണിക്കൂറുകൾ മുതൽ വലിയ ജനപങ്കാളിത്തത്തിനാണ് ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മനോഹരമായ സമുദ്രാന്തരീക്ഷവും സ്ഥലത്തെ വ്യത്യസ്തമാക്കുന്നു.