നടി സാധിക വേണുഗോപാൽ ഇന്ന് ദമ്മാമിൽ
text_fieldsവേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: ആഗോള മലയാളി സംഘടനയായ ഡബ്ല്യൂ.എം.സിയുടെ അൽകോബാർ ഘടകം വനിത വേദി വനിതകൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ മലയാളത്തിലെ പ്രമുഖ നടിയും മോഡലുമായ സാധിക വേണുഗോപാൽ അതിഥിയായെത്തും.
സൈഹാത്തിലെ ഡൽമൺ റിസോർട്ടിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. റെഡ് കാർപറ്റ് എന്ന പേരിലുള്ള പരിപാടിയിൽ വൈകീട്ട് അഞ്ചു വരെ വനിതകൾക്ക് മാത്രമായിരിക്കും പ്രവേശനം. കേക്ക് മേക്കിങ്, ഈറ്റിങ് ചലഞ്ച്, മെഹന്തി മത്സരം എന്നീ ഇനങ്ങൾ വനിതകൾക്ക് മാത്രമായും കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പ്രവിശ്യയിലെ വനിതകളുടെ കരവിരുതുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന സമാപന ചടങ്ങിൽ വർണാഭമായ നിരവധി കലാവിരുന്നുകളും സംസ്കാരിക സദസ്സും സംഘടിപ്പിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
ഇതോടനുബന്ധിച്ച് നടക്കുന്ന ക്യൂൻ ഓഫ് അറേബ്യ പട്ടത്തിനുവേണ്ടിയുള്ള സൗന്ദര്യമത്സരമാണ് ഏറെ ശ്രദ്ധേയം. സൗന്ദര്യ പ്രദർശനത്തിനപ്പുറത്ത് സ്ത്രീകളുടെ ബുദ്ധിയും കാര്യപ്രാപ്തിയും യുക്തിയും അളക്കുന്നതിനുള്ളതുകൂടിയാണ് ഈ മത്സരമെന്നും അവർ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് ഭാരവാഹികളായ അർച്ചന അഭിഷേക് (പ്രസി.), ഹുസ്ന ആസിഫ് (സെക്ര.), ഷംല നജീബ് (ട്രഷ.), പ്രജിത അനിൽകുമാർ (വൈ. പ്രസി.), സോഫിയ താജു (വൈ. പ്രസി.), അനു ദിലീപ് (പ്രോഗ്രാം കമ്മിറ്റി), രതി നാഗ (പ്രോഗ്രാം കമ്മിറ്റി) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

