സജീവമായി യാംബു കോവിഡ് വാക്സിനേഷൻ സെൻറർ
text_fieldsആരോഗ്യ മന്ത്രാലയം യാംബു ടൗണിലെ അൽ സുമൈരി ഏരിയയിൽ ഒരുക്കിയ കോവിഡ് വാക്സിനേഷൻ കേന്ദ്രം
യാംബു: കോവിഡ് വാകിസിൻ കുത്തിവെപ്പിനുള്ള യാംബു ടൗണിലെ കേന്ദ്രം കൂടുതൽ സജീവമായി. ദിവസവും 16 മണിക്കൂർ പ്രവൃത്തിസമയം നിശ്ചയിച്ച് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ഹെൽത്ത് സെൻറർ പ്രവർത്തിക്കുന്നത്. നേരത്തേ സൗകര്യങ്ങൾ കൂടുതൽ ഒരുക്കാത്തതിനാൽ യാംബുവിലുള്ള പലർക്കും 'സിഹതീ' ആപ് വഴി രജിസ്റ്റർ ചെയ്തപ്പോൾ ബദ്റിലെ വാക്സിനേഷൻ കേന്ദ്രമായിരുന്നു കിട്ടിയിരുന്നത്.
ആദ്യ ഡോസ് ബദ്റിൽനിന്നെടുത്തവർക്കും സിഹതീ ആപ് വഴി റീഷെഡ്യൂൾ ചെയ്താൽ യാംബുവിലെ സെൻററിൽ രണ്ടാമത്തെ ഡോസിന് ഇപ്പോൾ അപ്പോയിൻറ്മെൻറ് കിട്ടുന്നുണ്ട്. ഇത് പ്രദേശത്തെ താമസക്കാർക്ക് വലിയ അനുഗ്രഹമാണ്. ടൗണിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം ദൂരം വരുന്ന അൽ സുമൈരി ഏരിയയിൽ ജവാസാത് സമുച്ചയത്തിന് പിറകുവശത്താണ് വിവിധ സൗകര്യങ്ങളോടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്.
ധാരാളം ഗുണഭോക്താക്കളെ ഒരുമിച്ച് സ്വീകരിക്കാൻ കഴിയുന്നവിധത്തിലാണ് ഇപ്പോൾ വാക്സിനേഷൻ സെൻറർ സംവിധാനിച്ചിട്ടുള്ളതെന്നും ഇതിനകം ഇവിടെനിന്ന് വാക്സിനെടുത്തവർ 8000 കവിഞ്ഞുവെന്നും സെൻറർ ഡയറക്ടർ അത്വാല്ലാഹ് അൽ മിഹ് യാവി അറിയിച്ചു. സൗദി പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും നല്ല രീതിയിൽ വാക്സിനേഷൻ നൽകാൻ ആരോഗ്യ മന്ത്രാലയം പതിജ്ഞാബദ്ധമാണെന്നും പ്രവർത്തനസമയം എട്ടു മണിക്കൂറിൽനിന്ന് 16 മണിക്കൂറായി കഴിഞ്ഞ ദിവസം മുതൽ വർധിപ്പിച്ചിട്ടുണ്ടെന്നും 'സിഹതീ' ആപ് വഴി രജിസ്റ്റർ ചെയ്ത് എല്ലാവരും വാക്സിൻ എടുക്കാൻ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

