കലാസാഹിത്യ രംഗത്ത് സജീവമായി അഡ്വ. ജോസഫ് അരിമ്പൂർ
text_fieldsഅഡ്വ. ജോസഫ് അരിമ്പൂർ
യാംബു: കലാസാഹിത്യ രംഗത്തെ കഴിവുകൾ പ്രവാസലോകത്തും കൈവിടാതെ സജീവമായി അഡ്വ. ജോസഫ് അരിമ്പൂർ. ഒരു പതിറ്റാണ്ടത്തെ പ്രവാസത്തിനിടയിൽ കലാസാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഇൗ ചാലക്കുടിക്കാരൻ ശ്രദ്ധേയനായി. യാംബുവിൽ ഒരു അമേരിക്കൻ കമ്പനിയിലെ മാനവ വിഭവശേഷി വിഭാഗത്തിൽ ജോലി ചെയ്യുന്ന അഡ്വ. ജോസഫ് യാംബു വിചാരവേദിയുടെ പ്രസിഡൻറാണ്. 2018ൽ പുറത്തിറങ്ങിയ 'സഹസ്രബലി' എന്ന കവിതാസമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2018ലെ പ്രളയകാല പശ്ചാത്തലത്തിൽ എഴുതിയ കവിതകൾ പ്രവചനാത്മകത, സാമൂഹിക നിരീക്ഷണം, ധ്വനിസമൃദ്ധി, ആശയതീവ്രത എന്നിവയാൽ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങി. പ്രവാസ വിഹ്വലതകൾ വരച്ചിട്ട വരികൾ സമാഹാരത്തെ സമ്പന്നമാക്കി.
തൃശൂർ സെൻറ് തോമസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യം, ചരിത്രം എന്നിവ പ്രധാന വിഷയങ്ങളാക്കി ബിരുദവും തൃശൂർ ഗവ. ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി. ഭാരതിയാർ യൂനിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദവും ജേണലിസത്തിലും കമ്പ്യൂട്ടറിലും ഡിപ്ലോമകളും കരസ്ഥമാക്കിയ ജോസഫ് തൃശൂർ ജില്ല കോടതിയിൽ ഏതാനും വർഷം അഭിഭാഷകനായിരുന്നു. പഠനകാലഘട്ടം മുതൽ കലാസാഹിത്യ മേഖലയിൽ സജീവമായിരുന്നു. ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങിയതും ആ കാലയളവിലായിരുന്നു. ചെറുപ്പം മുതലുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ സ്മാരക പുരസ്കാരം, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പുരസ്കാരം, സംസ്ഥാന കേരളോത്സവ ഉപന്യാസ പുരസ്കാരം, പ്രഫ. പി. ശങ്കരൻ നമ്പ്യാർ പുരസ്കാരം, പ്രേം നസീർ ഫൗണ്ടേഷൻ പുരസ്കാരം, കേന്ദ്ര യുവജനകാര്യ വന്ദേമാതരം യുവ സങ്കൽപ് പ്രബന്ധ പുരസ്കാരം, 'കാവ്യമാലിക'യുടെ മികച്ച പ്രബന്ധത്തിനുള്ള സ്വർണമെഡൽ പുരസ്കാരം, ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ലേഖന പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾക്ക് അർഹനായി.
സ്കൂൾ കാലഘട്ടം മുതൽ സംഗീതരംഗത്തും സജീവമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തി െൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി പുറത്തിറക്കിയ 'സ്വാതന്ത്ര്യ സംഗീതിക' കാസറ്റിൽ പാടിയിട്ടുണ്ട്.ആകാശവാണിയിലും മറ്റ് ദൃശ്യമാധ്യമങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തബലവാദനം പരിശീലിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സംഘടന വേദികളിലും ട്രെയിനിങ് ക്ലാസുകൾ നടത്തിയ ജോസഫ് നല്ലൊരു പരിശീലകൻ കൂടിയാണ്. ആനുകാലികങ്ങളിലും പത്രമാധ്യമങ്ങളിലും ലേഖനങ്ങളും കുറിപ്പുകളും എഴുതാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

