മയക്കുമരുന്ന് കടത്തിനെതിരെ നടപടി; ജിദ്ദ തുറമുഖത്ത് 16 ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി
text_fieldsജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിച്ച 15 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയിൽ മയക്കുമരുന്ന് കടത്ത് പിടിക്കാൻ രാജ്യത്തെ വിവിധ കസ്റ്റംസ് കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന തുടരുകയാണ്. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകൾ കണ്ടെത്താൻ സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റിയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കടത്താൻ ശ്രമിച്ച 15 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടിയതായി അതോറിറ്റി അറിയിച്ചു.
തുറമുഖത്ത് എത്തിയ ഒരു ഷിപ്പ്മെന്റിൽ ഒളിപ്പിച്ച 15,86,118 ലഹരി ഗുളികകളാണ് പിടികൂടിയത്. ‘ഇൻസുലേറ്റിങ് പാനലുകളുടെ’ അറകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. നൂതന സ്കാനിങ് സാങ്കേതികവിദ്യയും പരിശീലനം ലഭിച്ച ‘സ്നിഫർ’ നായ്ക്കളെയും ഉപയോഗിച്ചുള്ള കസ്റ്റംസ് പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പാക്കുന്നത്.
പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരുകയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ 009661910 എന്ന ഹോട്ട്ലൈൻ നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും പഴുതടച്ചുള്ള പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

