മെഡിക്കൽ ഫിറ്റ്നസ് പരിശോധനയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന കേന്ദ്രങ്ങളൽ കർശന പരിശോധനയുമായി ആരോഗ്യ മന്ത്രാലയം രംഗത്ത്. ‘പ്രവാസികളുടെ മെഡിക്കൽ പരിശോധനകളുടെ വിശ്വാസ്യത ഉറപ്പാക്കൽ’ എന്ന പേരിൽ പ്രത്യേക പരിശോധനാ കാമ്പയിനാണ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
ഇഖാമ, ബലദിയ (മുനിസിപ്പൽ) കാർഡുകൾക്കും ഡ്രൈവിങ് ലൈസൻസിനും അതുപോലുള്ള മറ്റ് ആവശ്യങ്ങൾക്കുമുള്ള മെഡിക്കൽ ഫിറ്റ്നസ് പരിശോധനയുടെ വിശ്വാസ്യത ഉറപ്പാക്കലാണ് ലക്ഷ്യം. ആരോഗ്യ സേവനങ്ങളുടെ നിലവാരം കൂട്ടാനും, മെഡിക്കൽ റിപ്പോർട്ടുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തി പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് ഈ നീക്കം. സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള വലിയ പദ്ധതികളുടെ തുടർച്ചയാണിത്.
പ്രധാനമായും പരിശോധിക്കുന്നത്:
1. റിപ്പോർട്ടുകളിലെ കൃത്യത: പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൂറു ശതമാനം വിശ്വസനീയവും കൃത്യവുമായിരിക്കണം.
2. നിയമങ്ങൾ പാലിക്കൽ: സർക്കാർ നിശ്ചയിച്ച നിയമങ്ങളും രീതികളും അനുസരിച്ചാണോ പരിശോധനകൾ നടക്കുന്നത് എന്ന് ഉറപ്പാക്കും.
3. ലാബുകളുടെ നിലവാരം: ലാബുകളിലെ മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്നും അവ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നുണ്ടോയെന്നും പരിശോധിക്കും. കൂടാതെ അവിടെയുള്ള ജീവനക്കാർക്ക് ആവശ്യത്തിന് യോഗ്യതയും കഴിവും ഉണ്ടെന്ന് ഉറപ്പുവരുത്തും.
4. കള്ളത്തരം തടയൽ: മെഡിക്കൽ റിപ്പോർട്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള തിരിമറിയോ കൃത്രിമത്വമോ കാണിക്കുന്നത് പൂർണമായും തടയും.
5. ഓൺലൈൻ ലിങ്കിങ്: പരിശോധനാ ഫലങ്ങൾ കമ്പ്യൂട്ടർ വഴി കൃത്യമായി മന്ത്രാലയത്തിെൻറ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും.
സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കുമുള്ള നിയമങ്ങൾ അനുസരിച്ചാണ് മന്ത്രാലയം ഈ കടുത്ത നിരീക്ഷണം നടത്തുന്നത്. മെഡിക്കൽ പരിശോധനകളിൽ നിയമം തെറ്റിക്കുകയോ കള്ളത്തരം കാണിക്കുകയോ ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ അടിക്കേണ്ടി വരും. ഇതോടൊപ്പം ഈ സ്ഥാപനങ്ങൾ 60 ദിവസത്തേക്ക് അടച്ചുപൂട്ടാനും, വലിയ നിയമലംഘനമാണെങ്കിൽ അവരുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

