സൗദിയിൽ ബിനാമി ഇടപാടിനെതിരെ നടപടി, 2025ൽ ആയിരത്തിലധികം കേസുകൾ; 86.9 ലക്ഷം റിയാൽ പിഴ
text_fieldsസ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ സമിതി പരിശോധന നടത്തി
റിയാദ്: സൗദി അറേബ്യയിൽ ബിനാമി വ്യാപാര ഇടപാടുകൾക്കെതിരെ നടപടികൾ ശക്തമാക്കി വാണിജ്യ മന്ത്രാലയം. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ൽ മാത്രം ആയിരത്തിലധികം ബിനാമി ഇടപാടുകൾ സംശയിക്കുന്ന കേസുകൾ കൈകാര്യം ചെയ്തതായും 16 കോടതി വിധികൾ പരസ്യപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബിനാമി സംശയിക്കുന്ന 35,200 വ്യാപാര ഇടപാടുകൾ പരിശോധിച്ചു. ബിനാമിയെന്ന് കണ്ടെത്തിയ കേസുകളിൽ 86.9 ലക്ഷം റിയാൽ പിഴ ചുമത്തി. 16 കേസുകളിൽ കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 724 കേസുകൾ പ്രത്യേക സമിതിക്ക് കൈമാറി. കഴിഞ്ഞ വർഷം 6,300 ബിനാമി ഇടപാട് പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 1,017 കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചു. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ 47 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഓട്ടോ സ്പെയർ പാർട്സ് എന്നിവയുടെ വ്യാപാരസ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, മെക്കാനിക്കൽ വർക്ക്ഷോപ്പുകൾ, സ്ത്രീകളുടെ ആക്സസറീസ് ഷോപ്പുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്.
ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തുടനീളം 3,02,400 പരിശോധനകൾ പൂർത്തിയാക്കിയതായും ആകെ 6.82 ലക്ഷം റിയാൽ പിഴ ഈടാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

