ചട്ടലംഘനവും നിലവാരമില്ലായ്മയും; സൗദിയിൽ 44 റിക്രൂട്ട്മെൻറ് ഓഫിസുകൾക്കെതിരെ നടപടി
text_fieldsറിയാദ്: സൗദി അറേബ്യയിൽ 31 റിക്രൂട്ട്മെൻറ് ഓഫിസുകളുടെ ലൈസൻസ് പിൻവലിക്കുകയും 13 എണ്ണം സസ്പെൻഡ് ചെയ്യുകയും ചെയ്തു. റിക്രൂട്ട്മെൻറ് ചട്ടങ്ങൾ ലംഘിച്ചതിനും മിനിമം പ്രകടന നിലവാരം പാലിക്കാത്തതിനുമാണ് നടപടിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസത്തിലെ കണക്കാണിത്. റിക്രൂട്ട്മെൻറ് ഏജൻസികളിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
നിയമലംഘനം നടത്തുന്ന റിക്രൂട്ട്മെൻറ് ഏജൻസികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു. രാജ്യത്തെ റിക്രൂട്ട്മെൻറ് മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നതായും മന്ത്രാലയം പറഞ്ഞു. റിക്രൂട്ട്മെൻറ് പ്രാക്ടീസ് ചട്ടങ്ങൾ ലംഘിച്ചതിനും മിനിമം പ്രകടന നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികളുടെ താമസത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമാണ് 31 റിക്രൂട്ട്മെൻറ് ഓഫീസുകളുടെ ലൈസൻസ് പിൻവലിച്ചത്.
താമസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് പുറമേ പരാതികൾ പരിഹരിക്കുന്നതിലെ കാലതാമസവും ഇടപാടുകാർക്ക് തുക തിരികെ നൽകുന്നതിൽ പരാജയപ്പെട്ടതുമാണ് മറ്റ് 13 റിക്രൂട്ട്മെൻറ് ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കാൻ കാരണമായതെന്നും മന്ത്രാലയം പറഞ്ഞു. റിക്രൂട്ട്മെൻറ് ഓഫിസുകളും തൊഴിലുടമകളും അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മുനാസദ് നമ്പർ (920002866) വഴിയോ സ്മാർട്ട് ഫോണുകളിലെ മുസാനദ് ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

