വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ ആശ്രിതർക്ക് ഒരുകോടി നഷ്ടപരിഹാരം
text_fieldsതബൂക്ക്: സൗദി അറേബ്യയിൽ വാഹനാപകടങ്ങളിൽ മരിച്ച രണ്ടുതൃശൂർ സ്വദേശികളുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. തബൂക്കിൽ ആസ്ട്ര കമ്പനി ജീവനക്കാരായിരുന്ന ഷാരോൺ (28), സെബി (36) എന്നിവർ നാലുവർഷം മുമ്പാണ് അപകടത്തിൽ മരിച്ചത്. നാലുമാസത്തെ ഇടവേളയിലായിരുന്നു അപകടങ്ങൾ. ഇരുവരുടെയും ആശ്രിതർക്ക് മൂന്നുലക്ഷം റിയാൽ (ഏകദേശം 50 ലക്ഷം രൂപ) വീതം ആണ് ഇൻഷുറൻസ് കമ്പനി നൽകുക.
ആസ്ട്ര ഫാമിൽനിന്നുള്ള പൂക്കളുമായി പോകുന്ന വാഹനത്തിലെ ഡ്രൈവർമാരായിരുന്നു ഇരുവരും. 2013 ജനുവരി 13നു തബൂക്കിൽനിന്ന് പൂക്കളുമായി ഷാരോൺ പോയ വാൻ ജിദ്ദക്കടുത്ത റാബിഗിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. റോഡുപണിക്കായി നിർത്തിയിട്ടിരുന്ന റോഡ് റോളറിന് പിറകിൽ ഇടിച്ചു ഷാരോൺ തൽക്ഷണം മരിച്ചു. ആത്മാർഥ സുഹൃത്തായിരുന്ന ഷാരോണിെൻറ മരണത്തോടെ സെബി മാനസികമായി തളർന്നു. അങ്ങനെ ജോലിയിൽ നിന്ന് മൂന്നുമാസം വിട്ടുനിന്നു. പിന്നീട് ഡ്യൂട്ടിക്ക് കയറിയ സെബി മേയ് ഒന്നിന് ആദ്യട്രിപ്പുമായി ജിദ്ദയിലേക്കുപോകുംവഴി റാബിഗിൽ വെച്ചുതന്നെ അപകടത്തിൽ പെടുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിറകിൽ ഇടിച്ചുകയറി തൽക്ഷണം മരണം സംഭവിച്ചു.
വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി മറ്റുവാഹനത്തിെൻറ പിറകിലിടിച്ചതാണെന്ന് ആരോപിച്ച് ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരം കൊടുക്കാതെ കേസ് തള്ളുകയായിരുന്നു. തുടർന്ന് കമ്പനി അധികാരികളും അതേ കമ്പനിയിൽ ജോലി ചെയ്യുന്ന സാമൂഹിക പ്രവത്തകൻ ഷാബു ഹബീബും ഇടെപട്ട് നടത്തിയ നിയമ യുദ്ധത്തിനൊടുവിൽ ഇൻഷൂർ കമ്പനി രണ്ടുപേരുടെ കുടുംബത്തിനും മൂന്നു ലക്ഷം റിയാൽ വീതം നൽകാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസംതന്നെ ഇവരുടെ കുടുംബത്തിനുള്ള ചെക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനു കൈമാറുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. സെബിയുടെ ഭാര്യ ജിഷ. മകൻ: ഷാരോൺ. അവിവിവാഹിതനായിരുന്നു ഷാരോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
