അല്‍ഉല അപകടം: മൃതദേഹങ്ങൾ അടുത്തദിവസം നാട്ടിലെത്തിക്കും

10:54 AM
05/07/2017

റിയാദ്: ഈദുല്‍ ഫിത്വർ അവധിയോടനുബന്ധിച്ച് റിയാദില്‍ നിന്ന് മദായിന്‍ സാലിഹ് സന്ദര്‍ശിക്കാന്‍ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടതിനെ തുടർന്ന്​ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഞ്ച് പേര്‍ നാട്ടിലേക്ക് തിരിച്ചു.  മരിച്ച രണ്ട് പേരുടെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തകരും ബന്ധുക്കളും അറിയിച്ചു.

സൗദിയുടെ വടക്ക്, പടിഞ്ഞാറന്‍ നഗരമായ അല്‍ഉലാക്കടുത്തുള്ള മദായിന്‍ സാലിഹ് ചരിത്രപ്രദേശം സന്ദര്‍ശിച്ച് മദീനയിലേക്ക് മടങ്ങുന്ന വഴിയിലാണ്​ ജൂണ്‍ 27ന് ചൊവ്വാഴ്ച സന്ധ്യയോടെ വാഹനം മറിഞ്ഞത്. അല്‍ഉലായില്‍ നിന്ന് 130 കി.മീറ്റര്‍ പിന്നിട്ടശേഷം മദീനയിലത്തൊന്‍ 200 കി.മീറ്റര്‍ ബാക്കുയുള്ളപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. മലപ്പുറം വളാഞ്ചേരി, ഇരിമ്പിളിയം പെരിങ്ങോട്ടുതൊടി അബ്​ദുല്ലക്കുട്ടി, ഭാര്യ സാബിറ, മകന്‍ ഫാറൂഖ്, മക​​​െൻറ ഭാര്യ സജ്​ല, ഇവരുടെ മക്കളായ റിഷാന്‍, ഷിയാന്‍, ബന്ധുവായ കുരുണിയന്‍ റഫ്സാന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.  സന്ദര്‍ശക വിസയില്‍ ഒരു മാസം മുമ്പ് എത്തിയവരായിരുന്നു മാതാപിതാക്കള്‍. പിതാവ് അബ്​ദുല്ലക്കുട്ടി ആറ് വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് റിയാദില്‍ നിന്ന് മടങ്ങിയ ശേഷം ആദ്യമായാണ് സന്ദര്‍ശക വിസയില്‍ വീണ്ടും സൗദിയിലെത്തിയത്​. 

ഫാറൂഖിന്‍െറ മാതാവ് സാബിറ, ഭാര്യ സജ്​ല എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. സജ്​ല അല്‍ ആലിയ ഇൻറര്‍നാഷനല്‍ സ്കൂള്‍ അധ്യാപികയായിരുന്നു. അല്‍ഉലാക്കടുത്തുള്ള അല്‍ഐസ് ട്രാഫിക് പോലീസ് പരിധിയില്‍പെട്ട പ്രദേശത്തുനിന്നും പരിക്കേറ്റവരെ അല്‍ഉലാ അമീര്‍ അബ്​ദുല്‍ മുഹ്സിന്‍ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.  തലക്ക്​ നേരിയ ക്ഷതമേറ്റ നാലുവയസ്സുകാരന്‍ ഷിയാനെ വിദഗ്ധ ചികില്‍സക്കായി  മദീന കിങ് ഫഹദ് ജനറല്‍ ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു. ഷിയാന്‍ കൂടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് കുടുംബം ഒന്നിച്ച് മദീനയില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 3.50നുള്ള സൗദിയ വിമാനത്തില്‍ ജിദ്ദ വഴി നടുമ്പാശ്ശേരിയിലേക്ക് തിരിച്ചത്​. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക്​ ഇവര്‍ കൊച്ചിയിലെത്തും.
  ചൊവ്വാഴ്ച വൈകീട്ട് അല്‍ഉലായില്‍ നിന്ന് മദീനയിലത്തെിച്ച മൃതദേഹം  നടപടികള്‍ പൂര്‍ത്തീകരിച്ച് തൊട്ടടുത്ത ദിവസം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ബന്ധുക്കളായ ലാലു, ബിച്ചു എന്നിവര്‍ക്ക് പുറമെ അല്‍ഉലായിലെ നടപടികള്‍ക്ക് നിയാസ്, എംബസി ജോലികളുടെ സഹായത്തിന് സിറാജ് എറണാകുളം , മദീനയിലെ കെ.എം.സി.സി സെക്രട്ടറി ശരീഫ്, തനിമ പ്രവര്‍ത്തകരായ അല്‍താഫ് കൂട്ടിലങ്ങാടി, ഹൈദര്‍ അലി, സമദ് വളാഞ്ചേരി തുടങ്ങിയവരും ബന്ധുക്കളും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

COMMENTS