റിയാദിൽനിന്ന് മാത്രം നൂറോളം സ്ഥാനാർഥികൾ
text_fieldsബെന്നി വാടാനപ്പള്ളി, ഷാഫി പൂക്കയിൽ, ഇ.ആർ. രഞ്ചൻ, മുരളീധരൻ വെട്ടിയാട്ടിൽ, അനീഷ് ചിത്തൻകാല, മുഹമ്മദ് അഫ്സൽ മജീദ്, കെ.ടി. പിയൂസ്, രാജി ചെറിയാൻ, ആർ. നടേശൻ, നിസാർ അമ്പലംകുന്ന്, ബേബി കുട്ടി പവിത്രേശ്വരം, പി. രാജീവൻ, അബ്ദുൽ ജബ്ബാർ, ബഷീർ പനോലൻ, പൂഴിത്തറ സലാം, ഇ.കെ. മുഹമ്മദ് ഫാസിൽ, അബു കൊല്ലടിക, ഷുക്കൂർ, സദാശിവൻ നായർ, അഡ്വ. നബീല പാറമ്മൽ
റിയാദ്: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും വലിയ പരിഗണനയാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും മത്സര രംഗത്ത് പ്രവാസി സാന്നിധ്യം സജീവമാണ്. ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ബിസിനസ് മേഖലകളിൽ പയറ്റിത്തെളിഞ്ഞവരുടെ സ്ഥാനാർഥിത്വവും വാഗ്ദാനങ്ങളും പ്രതീക്ഷയോടെയാണ് വോട്ടർമാർ കാണുന്നത്.
റിയാദിൽ വിവിധ മേഖലകളിൽ സജീവമായിരുന്ന പ്രവാസികളും കുടുംബങ്ങളും ഉൾപ്പെടെ ഇത്തവണ നൂറോളം പേരാണ് ജനവിധി തേടുന്നത്. റിയാദിലെ മുഖ്യധാര സംഘടനകളിൽ ഒന്നായ കേളിയുടെ മുൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 25 പേരാണ് മത്സര രംഗത്തുള്ളത്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ല പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും മത്സരത്തിനുണ്ട്. മലസ്സ് ഏരിയ കമ്മറ്റി അംഗമായിരുന്ന പി. രാജീവൻ കണ്ണൂർ (കണ്ണപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്), ന്യൂ സനാഇയ്യ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ (ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 15ാം വാർഡ്), ബദീഅ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ (മൂത്തേടം ഗ്രാമ പഞ്ചായത്ത്), ഒലയ്യ ഏരിയ ഒലയ്യ യൂനിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം (പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്), ഇ.കെ. മുഹമ്മദ് ഫാസിൽ (വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ്), സുലൈമാനിയ യൂനിറ്റ് അംഗമായിരുന്ന അബു കൊല്ലടിക (അമരമ്പലം ഗ്രാമപഞ്ചായത്ത് 16ാം വാർഡ്), അൽഖർജ് സിറ്റി യൂനിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ എന്ന സിദ്ദീഖ് (പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21ാം വാർഡ്), അസീസിയ യൂനിറ്റ് അംഗമായിരുന്ന ഷുക്കൂർ (തളിക്കുളം 17ാം വാർഡ്), സുലൈ ഓൾഡ് സനാഇയ്യ അംഗമായിരുന്ന സദാശിവൻ നായർ (നഗരൂർ ഗ്രാമ പഞ്ചായത്ത് ദർശനവട്ടം വാർഡ്), കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലും ജനവിധി തേടുന്നുണ്ട്. റിയാദിൽ ആരോഗ്യ പ്രവർത്തകയായിരുന്ന രാജി ചെറിയാൻ അടൂർ നഗരസഭ ഒമ്പതാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയായി ഇത്തവണയും ജനവിധി തേടുന്നുണ്ട്. മുൻ വൈസ് ചെയർപേഴ്സനായിരുന്ന രാജി ഇത്തവണയും ഉയർന്ന വിജയ പ്രതീക്ഷയിലാണ്. റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല മുൻ പ്രസിഡൻറ് ബെന്നി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. മലപ്പുറം ജില്ലാ സെക്രട്ടറി ഷാഫി പൂക്കയിൽ (തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ നന്നമ്പ്ര 12ാം ഡിവിഷൻ), തൃശൂർ ജില്ല മുൻ വൈസ് പ്രസിഡൻറ് ഇ.ആർ. രഞ്ചൻ (വലപ്പാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്), തൃശൂർ ജില്ല മുൻ സെക്രട്ടറി മുരളീധരൻ വെട്ടിയാട്ടിൽ (മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്), തിരുവന്തപുരം ജില്ല കമ്മിറ്റി അംഗം അനീഷ് ചിത്തൻകാല (ഒറ്റശേഖരമംഗലം വാർഡ്), കൊല്ലം ജില്ല മുൻ അംഗം മുഹമ്മദ് അഫ്സൽ മജീദ് (വിളക്കുടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്), ഒ.ഐ.സി.സി പ്രവർത്തകനായിരുന്ന കെ.ടി. പിയൂസ് (പൂമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്) എന്നിവരും മത്സര രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

